വവ്വാലുകൾ കൂട്ടത്തോടെ ചത്തു, നിപ, കൊവിഡ് രോഗങ്ങളുടെ ഉറവിടവുമായി ബന്ധം? ആശങ്കയോടെ ഉത്തർപ്രദേശ്

Wednesday 27 May 2020 2:00 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു. ഗൊരഖ്‌പൂരിലെ ബെല്‍ഘട്ടില്‍ സ്വകാര്യവ്യക്തിയുടെ പൂന്തോട്ടത്തിലാണ് അമ്പതിലേറെ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത്. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചില വവ്വാലുകളുടെ ജഡം പരിശോധനക്കായി ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

നിപ, കൊവിഡ് രോഗങ്ങളുടെ ഉറവിടവുമായി വവ്വാലുകളുടെ ബന്ധമാണ് ആശങ്കക്ക് കാരണം. എന്നാല്‍ കനത്ത ചൂട് കാരണമായിരിക്കാം വവ്വാലുകള്‍ ചത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ പലയിടത്തം 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. സമീപത്തെ ജലാശയങ്ങള്‍ വറ്റിയതിനാലാകാം വവ്വാലുകള്‍ ചത്തതെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. എങ്കിലും പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.