'കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാൻ കഴിയില്ല...!!' സംവിധായകന്റെ കുറിപ്പ്

Wednesday 27 May 2020 4:13 PM IST

ഉത്രയുടെ കൊലപാതകമാണ് ഇപ്പോൾ കേരളക്കരയാകെ ചർച്ച ചെയ്യുന്നത്. ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഒരുപരിധി വരെ ഈ സമൂഹത്തിനുമുണ്ടെന്ന് പറയുകയാണ് സംവിധായകൻ അരുൺഗോപി. കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാൻ കഴിയില്ലെന്നും അരുൺ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അരുൺ ഗോപിയുടെ കുറിപ്പ്

''ഉത്രയുടെ മരണത്തിന്റെ അല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഈ സമൂഹത്തിൽ ജീവിക്കുന്ന ആർക്കും കഴിയില്ല. അതിനു ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. സ്വന്തം കുഞ്ഞിനെ പാറയിൽ എറിഞ്ഞു കൊല്ലുന്നവളെ പെണ്ണായി കാണാൻ കഴിയാത്ത നാട്ടിൽ, കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാൻ കഴിയില്ല...!!

വിവാഹ മോചനം ഒരു പാപമല്ല.. ചേർന്ന് പോകാൻ കഴിയില്ലെങ്കിൽ ഒഴിഞ്ഞുമാറാൻ ഏതൊരാൾക്കും അവകാശമുണ്ടെന്ന നിയമ പരിരക്ഷയാണ്...!! ഒരാൾ വിവാഹമോചനം എന്ന് ചിന്തിച്ചാൽ പ്രത്യേകിച്ചു പെൺകുട്ടി ആണെങ്കിൽ അമ്പലനടയിൽ അറിയാതെ മുള്ളിപോയ കുഞ്ഞിനെ നോക്കുന്ന മേൽശാന്തിയെ പോലെ ആകാതെ ചേർത്തൊന്നു നിർത്തൂ. കാര്യങ്ങളറിഞ്ഞ് വേണ്ടത് ചെയ്യൂ... ഇല്ലെങ്കിൽ ഈ നാട്ടിൽ ഉത്രമാരുണ്ടാകും വിപിൻമാരുണ്ടാകും ( ഭാര്യ കൊന്നു തള്ളിയ ഒരു പരിചിതൻ )..!''