ടിക്ടോകിന് ഇന്ത്യയുടെ ബദൽ 'മിത്രോം'; പ്ളേസ്റ്റോറിൽ മികച്ച റേറ്രിംഗ് നേടി ഷോർട്ട് വീഡിയോ പ്ളാറ്റ്ഫോം
ന്യൂഡൽഹി:- യൂട്യൂബർമാരും ടിക്ടോക് ഉപഭോക്താക്കളും തമ്മിലുള്ള തർക്കം ഈയിടെയായി സമൂഹ മാധ്യമ ഉപഭോക്താക്കൾക്ക് പരിചിതമായ ഒന്നാണ്. കൊവിഡ് പ്രതിസന്ധി ലോകത്തുണ്ടായപ്പോൾ ചൈന വിരുദ്ധ വികാരത്തിനിടയിൽപെട്ട് ടിക്ടോക്കിന് ഇടക്ക് റേറ്റിങ് 1.4 വരെ കൂപ്പുകുത്തി. ഇപ്പോഴിതാ ഇന്ത്യയിൽ നിന്നും ടിക്ടോകിന് ശക്തമായൊരു വെല്ലുവിളിയായി മറ്റൊരു ഷോർട്ട് വീഡിയോ പ്ളാറ്റ്ഫോമായ 'മിത്രോം' ആരംഭിച്ചിരിക്കുന്നു.
ഐഐടി റൂർക്കിയിലെ വിദ്യാർത്ഥിയായ ശിവാങ്ക് അഗർവാളാണ് ഈ വീഡിയോ ആപ്പിന്റെ ഉപജ്‌ഞാതാവ്. അൻപത് ലക്ഷം പേർ ഡൗൺലോഡ് ചെയ്യുകയും പ്ളേസ്റ്റോറിൽ 4.7 റേറ്റിങ് നൽകുകയും ചെയ്തുകഴിഞ്ഞു ഈ ആപ്പിനെ. സമൂഹ മാധ്യമങ്ങളിൽ സജീവമായവർ പലരും ടിക്ടോകിനെ നിരോധിക്കൂ എന്ന ഹാഷ് ടാഗോടെ 'മിത്രോം' ആപ്പിനെ പ്രോത്സാഹിപ്പിക്കുകയാണ്.
ഏതാണ്ട് ടിക്ടോകിന് സമാനമാണ് മിത്രോമിന്റെയും പ്രവർത്തന രീതി. വീഡിയോ എടുത്ത ശേഷം അവ എഡിറ്റ് ചെയ്യാനുള്ള ഫിൽറ്ററുകൾ, സിനിമാ ഗാനങ്ങളോ ഡയലോഗുകളുമായോ ചേർത്ത് ഉപയോഗിക്കാം. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യാം.
ആൻഡ്രോയിഡ് 5.0 വേർഷൻ മുതലുള്ള സ്മാർട്ട്ഫോണുകളിൽ മാത്രമേ 'മിത്രോം' ഇൻസ്റ്രാൾ ചെയ്യാനാകൂ. 8 എംബിയാണ് സൈസ്. മറ്റ് പ്ളാറ്റ്ഫോമുകളിലേക്ക് ഈ ആപ്പ് എത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളു.