കൗമാരക്കാരി പെൺകുട്ടികൾക്ക് എന്തിന് റുബെല്ല വാക്സിനേഷൻ?
പെൺകുട്ടികൾക്ക് കൗമാര പ്രായത്തിൽ റുബെല്ല വാക്സിനേഷൻ നല്കണമെന്നാണ് നിർദ്ദേശം. ഇത് പെൺകുട്ടിയ്ക്ക് റുബെല്ല രോഗപ്രതിരോധം നേടുന്നതിൽ ഉപരി ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന കുഞ്ഞിനെ വൈകല്യങ്ങളിൽ നിന്ന് രക്ഷിക്കുക എന്ന പരമപ്രധാനമായ കാര്യത്തിനു വേണ്ടിയാണ് . അത്ര ഗൗരവമില്ലാത്ത രോഗമാണ് റുബെല്ല എങ്കിലും ഗർഭാവസ്ഥയിൽ സ്ത്രീയ്ക്ക് ഈ അസുഖം ഉണ്ടായാൽ കുഞ്ഞിന് കാഴ്ച, കേൾവി വൈകല്യം, ബുദ്ധിമാന്ദ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
അതിനാൽ കൗമാരത്തിൽ പെൺകുട്ടികൾക്ക് റുബെല്ല വാക്സിനേഷൻ എടുക്കാനും വിവാഹത്തിന് ആറുമാസത്തിന് മുൻപ് പെൺകുട്ടിക്ക് റുബെല്ല വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്താനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഈ നിർദ്ദേശം അവഗണിക്കരുത്. ചെറിയ പനി, തൊണ്ടവേദന, ദേഹമാസകലം ചെറിയ തിണർപ്പുകൾ എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന അസുഖമാണ് റുബെല്ല.