ചതിച്ചാൽ പാർട്ടി ദ്രോഹിക്കുമെന്ന് പി.കെ.ശശി: വെട്ടിലായപ്പോൾ 'നാക്കുപിഴ'യെന്ന് ക്ഷമാപണം

Friday 29 May 2020 1:30 AM IST

പാലക്കാട്: ചതിച്ചാൽ ദ്രോഹിക്കുന്നത് പാർട്ടിയുടെ നയമാണെന്ന പരസ്യപ്രസ്താവനയുമായി സി.പി.എം

എം.എൽ.എ പി.കെ.ശശി. സംഭവം വിവാദമായതോടെ,നാക്കുപിഴ നിമിത്തം പറഞ്ഞുപോയതാണെന്ന് തിരുത്തി

തടിയൂരൽ. കരിമ്പുഴ പഞ്ചായത്തംഗം കെ.പി.രാധാകൃഷ്ണൻ ഉൾപ്പെടെ മുസ്ലീംലീഗിൽ നിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് കരിമ്പുഴ ലോക്കൽ കമ്മി​റ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിലാണ് പാർട്ടി ജില്ലാ കമ്മി​റ്റി അംഗവും ഷൊർണൂർ എം.എൽ.എയുമായ പി.കെ.ശശിക്ക് 'നാക്കുപിഴച്ചത് '. 'പാർട്ടിയിൽ വിശ്വാസമർപ്പിച്ച് പാർട്ടിക്കൊപ്പം വന്നാൽ പൂർണമായ സംരക്ഷണം നൽകും. ആവശ്യമായ എല്ലാ സഹായവും സുരക്ഷിതത്വവും തരും. എന്നാൽ, പാർട്ടിയെ ചതിച്ചു പോയാൽ ദ്രോഹിക്കും. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്',ശശി പറഞ്ഞു. പ്രസംഗം സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായതോടെ, എം.എൽ.എയും സി.പി.എം ജില്ലാ നേതൃത്വവും പ്രതിരോധത്തിലായി. തുടർന്നായിരുന്നു ശശിയുടെ വിശദീകരണം. പറയാൻ പാടില്ലാത്തതായിരുന്നു, നാക്കുപിഴ പറ്റിപ്പോയതാണ്. പ്രതികാര നിലപാട് സ്വീകരിക്കുന്നവരല്ല ഞങ്ങൾ. - ശശി തിരുത്തി.

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ

ലംഘിച്ചെന്നും ആരോപണം

അതിനിടെ ലോക്ക് ഡൗൺ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളുമൊന്നും പാലിക്കാതെയാണ് പരിപാടി നടന്നതെന്നും പരിപാടിയിൽ പങ്കെടുത്തവരെല്ലാം മാസ്‌ക് ധരിച്ചെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെന്നും വിമർശനമുയർന്നു. 24ന് നടന്ന യോഗത്തിൽ ഇരുപതോളം പേർ പങ്കെടുത്തിരുന്നു. കോൺഗ്രസിലെ ചേരിപ്പോര് മൂലം യു.ഡി.എഫിന് കരിമ്പുഴ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടിരുന്നു. മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ കരിപ്പമണ്ണയിൽ നിന്ന് കോണി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച രാധാകൃഷ്ണൻ റോഡുപണിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ഒപ്പമുള്ള ചിലർക്കൊപ്പം പാർട്ടി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്.