മുംബയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അദ്ധ്യാപകൻ മരിച്ചു
മുംബയ്:മുംബയിലെ കുർളയിൽ മലയാളി അദ്ധ്യാപകൻ കൊവിഡ് ബാധിച്ച് മരിച്ചു. കുർളയിൽ വർഷങ്ങളായി താമസിക്കുന്ന വിക്രമൻ പിള്ളയാണ് മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. എറണാകുളം ഉദയംപേരൂർ സ്വദേശിയാണ്. ഇതോടെ മുംബയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
വിക്രമൻപിള്ളയ്ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. വിക്രമൻ പിള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏതാണ്ട് ഒരാഴ്ച പിന്നിട്ടിരുന്നു. എന്നിട്ടും ഭാര്യയെയും മക്കളെയും ഹോം ക്വാറന്റീനിലാക്കുകയല്ലാതെ ടെസ്റ്റിംഗ് പോലും നടത്താൻ മുംബയ് കോർപ്പറേഷൻ ഒരു സഹായവും നൽകുന്നില്ലെന്ന് മുംബയിലെ മലയാളി സംഘടനകൾ ആരോപിക്കുന്നുണ്ട്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുംബയിൽത്തന്നെയാകും ഇദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങുകൾ നടത്തുക. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ക്വാറന്റീനിലുള്ള ഭാര്യയ്ക്കും മക്കൾക്കും ഇദ്ദേഹത്തെ അവസാനമായി കാണാൻ അനുമതി ലഭിച്ചേക്കില്ലെന്നാണ് വിവരം.