ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു
ഛത്തീസ്‌ഗഡ്: ഛത്തീസ്‌ഗഡ് പ്രഥമ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. അജിത് ജോഗിയുടെ മകനാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിൽ അറിയിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. റായ്‌പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസമുള്ളതിനാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തിയില്ല. ഇതു തലച്ചോറിലെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണതിനെ തുടർന്ന് ഈ മാസം ആദ്യമാണ് അജിത് ജോഗിയെ ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറെക്കാലം കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്നു അജിത് ജോഗി. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി ജനതാ കോണ്‍ഗ്രസ് ഛത്തീസ്‌ഗഡ് (ജെ) എന്ന പാര്‍ട്ടിയുണ്ടാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തിളങ്ങിയ ആദിവാസി നേതാവായിരുന്നു അദേഹം. അജിത് ജോഗിയുടെ ഭാര്യ രോണു ജോഗിയും മകന്‍ അമിത് ജോഗിയും ഛത്തീസ്‌ഗഡ് നിയമസഭാംഗങ്ങളാണ്.