തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്: തടവും ഒരു ലക്ഷം രൂപ പിഴയും

Saturday 30 May 2020 12:18 AM IST

കൊച്ചി : വഴിയോരത്ത് ഉറങ്ങിക്കിടന്നവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസുകളിലെ പ്രതി റിപ്പർ സേവ്യർ എന്ന കുഞ്ഞുമോന് (46) എറണാകുളം അഡി. സെഷൻസ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2016 മാർച്ചിൽ നഗരത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ ഉണ്ണികൃഷ്‌ണനെ (നെച്ചുണ്ണി) മദ്യലഹരിയിൽ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. സമാനമായ എട്ടു കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ സേവ്യറിനെ കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. എന്നാൽ ഇൗ കേസിൽ തന്റെ തലയ്ക്കടിച്ചത് സേവ്യറാണെന്ന് ഉണ്ണികൃഷ്‌ണൻ ചികിത്സയിലിരിക്കെ ബന്ധുക്കളോടു പറഞ്ഞിരുന്നു. ഇതു മരണമൊഴിയായി കണക്കാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 75,000 രൂപ ഉണ്ണികൃഷ്‌ണന്റെ ഭാര്യയ്ക്ക് നൽകാനും കോടതിയുത്തരവിൽ പറയുന്നു. 17 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.