ഉത്ര കൊലക്കേസ്, കസ്റ്റഡി കാലാവധി തീരുന്നു, സൂരജിനെയും സുരേഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും
കൊല്ലം: ഉത്ര കൊലക്കേസിൽ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ടോടെ പുനലൂർ കോടതിയിൽ ഇരുവരെയും ഹാജരാക്കും. സമാനതകളില്ലാത്ത കേസായതിനാൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. ഉത്രയുടെ ഭർത്താവ് സൂരജിനെ അഞ്ചലിലെയും അടൂരിലെയും വീടുകളിലും പാമ്പിനെ കൈമാറിയ ഏനാത്തുമടക്കമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുരേഷിനെയും അഞ്ചലിലൊഴികെയുള്ളിടത്തെല്ലാം കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ സൂരജ് കുറ്റസമ്മതം നടത്തിയെങ്കിലും ചില കാര്യങ്ങളിൽ ഇനിയും വ്യക്തത കൈവരാനുണ്ട്.
അടൂരിലെ വീട്ടിൽ ഉത്ര ആദ്യദിനത്തിൽ കണ്ടത് ചേരയാണെന്ന് സൂരജ് ആവർത്തിച്ചുപറയുന്നുണ്ട്. ഉത്രയെ മയക്കാനായി നൽകിയ ഗുളികയിൽ ഒന്ന് ഡോളോയാണെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും രണ്ടാമത്തെ ഗുളിക ഏതെന്ന് വ്യക്തമായിട്ടില്ല. മൂന്ന് ഗുളികകളുടെ പേരുകൾ സൂരജ് പറയുന്നുണ്ട്. കെമിക്കൽ പരിശോധനാ ഫലം വരുന്നതോടെ ഇത് പൂർണ വ്യക്തതയിലെത്തും. സയന്റിഫിക് റിപ്പോർട്ട്, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ വേഗത്തിൽ ലഭിക്കാൻ കത്ത് നൽകിയതായി റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.