അതിർത്തി കടന്ന് പറന്നെത്തി, പാക് ചാരനെന്ന് സംശയിച്ച് പിടികൂടിയ പ്രാവിനെ വിട്ടയച്ചു, കാലിലെ അക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ
കത്വ: ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ കാലിലൊരു വളയവും ചിറകിൽ പിങ്ക് നിറവുമുള്ള പ്രാവിനെ പാക് ചാരനാണെന്ന സംശയത്തെ തുടർന്ന് പിടികൂടി. അതിർത്തിയിലെ ചഡ് വാൾ മേഘലയിലെ വീടുകളിൽ വന്നിരുന്ന പ്രാവിന്റെ കാലിൽ ഒരു വളയവും അതിൽ കണ്ട അക്കങ്ങളാണ് തീവ്രവാദികൾ ആശയം കൈമാറാൻ ഉപയോഗിക്കുന്നതാണോ എന്ന സംശയം ഉണ്ടാകാൻ ഇടയാക്കിയത്.
തുടർന്ന് പ്രാവിനെ പിടികൂടി അതിർത്തി രക്ഷാ സേനക്ക് കൈമാറി. വിശദമായി നടത്തിയ പരിശോധനയിൽ സംശയിക്കതായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. ഹബീബുള്ള എന്ന പാകിസ്ഥാൻ സ്വദേശി വളർത്തുന്ന പ്രാവായിരുന്നു ഇത്. അന്താരാഷ്ട്ര അതിർത്തിക്ക് സമീപമാണ് ഇയാളുടെ വീട്. ഇവിടെനിന്നും കത്വയിൽ എത്തിയതാണ് പ്രാവ് എന്ന് കരുതുന്നു. പക്ഷിയുടെ കാലിലെ അക്കങ്ങളെ കുറിച്ചുള്ള ആരോപണം ഇയാൾ തള്ളിക്കളഞ്ഞു.
പ്രാവ് പറത്തുന്ന മത്സരത്തിൽ പങ്കെടുത്തപ്പോൾ നൽകിയ അക്കങ്ങളാണ് അതെന്ന് ഹബീബുള്ള പറഞ്ഞു. പിടികൂടിയ പ്രാവിനെ അതിർത്തി രക്ഷാസേന ഹീര നഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നും പിന്നീട് തിരികെ വിട്ടയച്ചു. അന്താരാഷ്ട്ര അതിർത്തിയിൽ ഇത്തരം സംഭവങ്ങൾ സർവ്വസാധാരണമാണെന്നാണ് ഒരു ഉദ്യോഗസ്ഥൻ ഇതിനോട് പ്രതികരിച്ചത്.