സ്കൂളുകൾ ജൂണിൽ തുറക്കില്ല, ഹോട്ടലുകൾ സാധാരണ നിലയിലേക്ക്, ഇളവുകൾ ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മുന്നോടി

Saturday 30 May 2020 7:50 PM IST

ന്യൂഡൽഹി : അഞ്ചാഘട്ട ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ കണ്ടെയിൻമെന്റ് സോണുകളിൽ മാത്രമായി ഏർപ്പെടുത്തിയത് ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മുന്നോടിയായെന്ന് വിലയിരുത്തൽ. രാജ്യവ്യാപകമായി തീവ്രബാധിതമേഖലകളിൽ മാത്രം ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി കേന്ദ്രം ഇന്ന് ഉത്തരവിറക്കിയിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ ജൂൺ 8ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു.

ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉണ്ടായിരിക്കും.

സ്കൂളികൾ ജൂണിൽ തുറക്കില്ല. രണ്ടാംഘട്ടത്തിൽ സ്കൂളുകൾ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലായ് മാസത്തോടെ സ്കൂളുകളും കോളേജുകളും തുറന്നേക്കാം. അന്താരാഷ്ട്ര വിമാനസർവീസുകളുടെ കാര്യത്തിലും പിന്നീട് തീരുമാനം എടുക്കും. വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും നിയന്ത്രണം തുടരും. മെട്രോസർവീസുകൾ ആലോചനകൾക്ക് ശേഷമായിരിക്കും തുറക്കുക.

നൈറ്റ് കർഫ്യൂ നിലവിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാക്കി ഇളവ് നൽകി. നിലവിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കർഫ്യൂ.

അന്തർസംസ്ഥാനയാത്രകൾക്ക് ഇനി നിയന്ത്രണങ്ങളില്ലെന്നാണ് പുതിയ മാർഗരേഖയിലുള്ളത് എന്നത് ഏറ്റവും ശ്രദ്ധേയമായത്. പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം തിങ്കളാഴ്ച മുതൽ, ഇല്ലാതാകുന്നു. പക്ഷേ, ട്രെയിനുകളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ് വേണമെന്ന മാ‍ർഗനിർദേശങ്ങൾ നിലനിൽക്കുന്നു. സ്വകാര്യവാഹനങ്ങളിൽ പാസില്ലാതെ അന്തർസംസ്ഥാനയാത്രകൾ നടത്താം. പക്ഷേ പൊതുഗതാഗതത്തിൽ പാസുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.

ഘട്ടംഘട്ടമായി ലോക്ക്ഡൗണിൽ നിന്ന് പുറത്തേക്ക് വരികയാണ് കേന്ദ്രസർക്കാർ. അൺലോക്ക് 1 എന്ന പേരിലുള്ള മാർഗനിർദ്ദേശവും സർക്കാരിന്റെ ഈ നീക്കത്തെയാണ് കാണിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിൻവലിക്കുന്നില്ല. ഓരോ നിയന്ത്രണങ്ങളും ആലോചിച്ച് മാത്രം പിൻവലിക്കും എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. 'വൈറസിനൊപ്പം ജീവിക്കുക' എന്ന നയത്തിലേക്ക് കേന്ദ്രസർക്കാർ വരുന്നു. സാമൂഹിക അകലം പാലിച്ച്, നിയമങ്ങൾ പാലിച്ച്, മാസ്ക് ധരിച്ച് സാധാരണ ജീവിതം തുടരാമെന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.