ചരിത്രത്തിലേക്ക് കുതിച്ച് സ്പേസ് എക്സ്,​ സഞ്ചാരികളുമായി ഫാൽക്കൺ റോക്കറ്റ് ബഹിരാകാശത്തേക്ക്

Sunday 31 May 2020 1:03 AM IST

ഫ്ലോറിഡ;കേപ് കനാവറൽ:കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവച്ച സ്പേസ് എക്സ് കമ്പനിയുടെ ബഹിരാകാശ മനുഷ്യ ദൗത്യം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. അമേരിക്കൻ സമയം ഇന്നലെ വൈകിട്ട് 3:22ന് ( ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12:52ന് ) ആയിരുന്നു വിക്ഷേപണം.

കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെ രണ്ട് സഞ്ചാരികളുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനിരുന്ന ദൗത്യം പതിനേഴ് മിനിറ്റ് മുമ്പ് മാറ്റിവയ്‌ക്കുകയായിരുന്നു.

ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്ക സ്വന്തം മണ്ണിൽ നിന്ന് ഒരു ബഹിരാകാശ മനുഷ്യ പേടകം വിക്ഷേപിക്കുന്നത്. ബഹിരാകാശ മനുഷ്യ ദൗത്യത്തിൽ സ്വകാര്യ മേഖലയുടെ കടന്നുവരവ് ആഘോഷിക്കുന്ന വിക്ഷേപണമാണിത്. വിക്ഷേപണ റോക്കറ്റും മനുഷ്യ പേടകവും ആവർത്തിച്ച് ഉപയോഗിക്കാമെന്നതാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ നേട്ടം.

നാസയുടെ ഡഗ്ലസ് ഹർലിയും ബോബ് ബെൻകനുമാണ് സഞ്ചാരികൾ. ഇവർ കയറിയ ക്രൂ ഡ്രാഗൺ എന്ന പേടകം 24 നില കെട്ടിടത്തിന്റെ ഉയരമുള്ള ഫാൽക്കൺ - 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്.

ക്രൂ ഡ്രാഗൺ പേടകം പത്തൊൻപത് മണിക്കൂർ പ്രയാണത്തിന് ശേഷം ശേഷം ഇന്ത്യൻ സമയം ഇന്ന് സന്ധ്യയ്‌ക്ക് ഏഴ് മണിക്ക് ബഹിരാകാശ നിലയത്തിൽ സന്ധിക്കും. തുടർന്ന് ഇരുവരും നിലയത്തിൽ പ്രവേശിക്കും. നിലയത്തിൽ ഇപ്പോഴുള്ള മൂന്ന് സഞ്ചാരികൾക്കൊപ്പം ഇവർ മൂന്ന് മാസം വരെ പരീക്ഷണങ്ങളിൽ മുഴുകും. അതിന് ശേഷം സഞ്ചാരികളുമായി തിരിച്ചു വരുന്ന ക്രൂ ഡ്രാഗൺ പേടകം അറ്റ്‌ലാന്റിക് സമുദ്രത്തിൽ ലാൻഡ് ചെയ്യും.

കഴിഞ്ഞ ബുധനാഴ്ച ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഉയർന്നു പൊങ്ങുന്നതിന് 20 മിനിറ്റ് മുൻപാണ് ​​ദൗത്യം മാറ്റിവെച്ചത്.

നാസയിലെ ബഹിരാകാശ സഞ്ചാരികളായ ബോബ് ബെങ്കന്‍, ഡൗഗ് ഹർലി എന്നിവരാണ് സ്‌പേസ് എക്‌സിന്റെ റോക്കറ്റിലേറി ബഹിരാകാശത്തേക്ക് പോകുന്നത്.. കഴിഞ്ഞ ഒൻപതു വർഷക്കാലമായി റഷ്യൻ ബഹിരാകാശ പേടകത്തിലായിരുന്നു സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചിരുന്നത്.