ചരിത്ര വിജയമായി സ്പേസ് എക്‌സ് വിക്ഷേപണം 'എന്റർ ദ ഡ്രാഗൺ'

Monday 01 June 2020 1:01 AM IST

കേപ്കനാവറൽ:ബഹിരാകാശ പര്യവേക്ഷണത്തിൽ ഇലോൺ മസ്‌ക് എന്ന മനുഷ്യന്റെ ഭാവനയും സ്വപ്നവുമാണ് ഇന്നലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്ന ഫാൽക്കൺ 9 എന്ന റോക്കറ്റും അതിന്റെ നെറുകയിൽ രണ്ട് സഞ്ചാരികൾ കയറിയ ക്രൂ ഡ്രാഗൺ എന്ന പേടകവും. പത്തൊൻപത് മണിക്കൂറിന് ശേഷം ആ പേടകവും സഞ്ചാരികളും ഇന്ത്യൻ സമയം ഇന്നലെ സന്ധ്യയ്‌ക്ക് ഏഴ് മണിയോടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ഇനി ബഹിരാകാശത്ത് 'ഡ്രാഗണുകൾ' വാഴുന്ന കാലമായിരിക്കും.

ഇതോടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്‌ക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്പേസ് എക്‌സ്( സ്പേസ് എക്‌സ്‌പ്ലൊറേഷൻ ടെക്‌നോളജീസ് കോർപ്പറേഷൻ)​. ഇലോൺ മസ്‌ക് എന്ന 53കാരൻ കോടീശ്വരന്റെ കമ്പനി. ഒരു സ്വകാര്യ കമ്പനി ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ചരിത്രം കുറിക്കുക മാത്രമല്ല സ്പേസ് എക്‌സ് ചെയ്‌തത്. ഇത്തരം ദൗത്യങ്ങളുടെ ചിലവ് കുറയ്ക്കാൻ പുനരുപയോഗിക്കാവുന്ന റോക്കറ്റും മനുഷ്യ പേടകവും വികസിപ്പിക്കുകയും ചെയ്‌തു.

ഇന്നലെത്തെ വിക്ഷേപിച്ച ഫാൽക്കൺ റോക്കറ്റിന്റെ ഒന്നാം ഘട്ടം അറ്റ്ലാന്റിക് സമുദ്രത്തിലെ പ്ലാറ്റ്ഫോമിൽ നാല് കാലിൽ കുത്തനെ ലാൻഡ് ചെയ്‌തു. ഒരു ബഹിരാകാശ യാനം തിരികെ ഭൂമിയിൽ കുത്തനെ ലാൻഡ് ചെയ്യുന്ന സാങ്കേതിക വിദ്യയും ആദ്യമായാണ്. ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്‌ത ക്രൂ ഡ്രാഗൺ പേടകവും ദൗത്യത്തിന് ശേഷം സഞ്ചാരികളുമായി ലാൻഡ് ചെയ്യുന്നതും അറ്റ്ലാന്റിക് സമുദ്രത്തിലായിരികും. ബഹിരാകാശത്ത് 210 ദിവസം വരെ കഴിയാനുള്ള ശേഷി ക്രൂ ഡ്രാഗൺ പേടകത്തിനുണ്ട്.

മുൻ ദൗത്യങ്ങളിലെല്ലാം മനുഷ്യ പേടകം മാത്രമാണ് തിരിച്ചെത്തിയിട്ടുള്ളത്. റോക്കറ്റിന്റെ ശിഷ്‌ട ഭാഗങ്ങളെല്ലാം യാത്രയ്‌ക്കിടെ കത്തിച്ചു കളയുകയായിരുന്നു പതിവ്. തിരിച്ചെത്തുന്ന ക്രൂ മോഡ്യൂൾ പോലും രണ്ടാമത് ഉപയോഗിച്ചിരുന്നില്ല. പുനരുപയോഗിച്ചിട്ടുള്ള ഏക യാനം അമേരിക്കയുടെ സ്പേസ് ഷട്ടിലുകൾ ആണ്. അവയാകട്ടെ വിക്ഷേപിക്കാൻ കൂറ്റൻ റോക്കറ്റുകൾ വേണമായിരുന്നു. ആ റോക്കറ്റുകളുടെ കൂറ്റൻ ഇന്ധന ടാങ്ക് പുനരുപയോഗിക്കാനാവും വിധം വികസിപ്പിച്ചിരുന്നു. സമുദ്രത്തിലാണ് അവ പതിച്ചിരുന്നത്.

2010ലാണ് നാസ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് ചിലവു കുറഞ്ഞ സങ്കേതങ്ങൾ വികസിപ്പിക്കാൻ സ്വകാര്യ ഏറോസ്പേസ് കമ്പനികളെ ക്ഷണിച്ചത്. നാല് മുതൽ ഏഴ് വരെ സഞ്ചാരികളെ ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിക്കാനുള്ള സൗകര്യങ്ങളാണ് ആവശ്യപ്പെട്ടത്. ക്രൂഡ്രാഗണിൽ ഏഴ് പേർക്ക് സഞ്ചരിക്കാം. 2014ൽ സ്പേസ് എക്‌സിനൊപ്പം ബോയിംഗ് കമ്പനിയെയും നാസ തിരഞ്ഞെടുത്തു. ബോയിംഗിന്റെ വിക്ഷേപണ യാനം സ്റ്റാർലൈനർ പരീക്ഷണ ഘട്ടത്തിലാണ്.

സ്പേസ് എക്സ് നേരത്തേ ബഹിരാകാശ നിലയത്തിൽ ചരക്കുകൾ എത്തിച്ചിരുന്നു. അത്തരം 21 ദൗത്യങ്ങൾക്ക് ശേഷമാണ് മനുഷ്യനെ അയയ്‌ക്കാനുള്ള സാങ്കേതിക തികവ് കൈവരിച്ചത്.

@ ചാന്ദ്ര റോക്കറ്റ് പൊട്ടിത്തെറിച്ചു

ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് സ്പേസ് എക്‌സ്. അതിനായി നിർമ്മിച്ച സ്റ്റാർ ഷിപ്പ് റോക്കറ്റിന്റെ മാതൃക ഇന്നലെ പൊട്ടിത്തെറിച്ചത് ആശങ്ക പരത്തിയിരുന്നു. 394 അടി ഉയരമുള്ള ഈ റോക്കറ്റിൽ സഞ്ചാരികളെയും 100 ടൺ സാധനങ്ങളും അയയ്‌ക്കുകയാണ് ലക്ഷ്യം.

@ അവിടെയും ഇന്ത്യൻ ശബ്ദം

സ്പേസ് എക്‌സ് വിക്ഷേപണം വിജയിച്ചപ്പോൾ കെന്നഡി സെന്ററിലെ ലോഞ്ച് കൺട്രോൾ റൂമിൽ നിന്ന് സഞ്ചാരികൾക്ക് നന്ദി പറഞ്ഞ് ഒരു ഇന്ത്യക്കാരന്റെ ശബ്ദം മുഴങ്ങി. ഫാൽക്കൺ 9 റോക്കറ്റിന്റെ ചീഫ് എൻജിനിയർ ബാലചന്ദർ രാമമൂർത്തി. ചെന്നൈ സ്വദേശി. അണ്ണാ സർവകലാശാലയിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദം. ഒൻപത് വർഷമായി സ്പേസ് എക്സിലെ ഉന്നതൻ. ബാല എന്ന് വിളിപ്പേര്. ഇന്നലത്തെ വിക്ഷേപണത്തിന്റെ പ്രിൻസിപ്പൽ ഫ്ലൈറ്റ് റിലയബിലിറ്റി എൻജിനിയറും അദ്ദേഹമായിരുന്നു. സഞ്ചാരികൾ പലതവണ റേഡിയോയിലൂടെ അദ്ദേഹത്തിന് തിരിച്ചും നന്ദി പറയുന്നുണ്ടായിരുന്നു -- താങ്ക്‌സ് ബാല...