അക്ഷരലോകം ഇനി ഓൺലൈനിൽ ഓൺലൈൻ പ്രവേശനോത്സവം ഇന്ന്

Monday 01 June 2020 5:23 AM IST

കിളിമാനൂർ: പ്രവേശനോത്സവവും മധുര വിതരണവും പുത്തൻ ഉടുപ്പും ബാഗും ഒക്കെയായി രക്ഷിതാക്കളുടെ കൈ പിടിച്ച് സ്കൂളിലേക്കെത്തുന്ന കാഴ്ച ഇന്ന് ഉണ്ടാകില്ല. കുട്ടികളെ നനയിക്കാൻ എത്താറുള്ള മഴയും ഇപ്രാവശ്യം നാണിച്ചു പോകേണ്ടി വരും. പുതിയ അദ്ധ്യയന വർഷത്തിൽ ഓൺലൈൻ ക്ലാസിന് തുടക്കം കുറിക്കുമ്പോൾ അത് ഗ്രാമങ്ങളിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശങ്കകളേറെയാണുണ്ടാക്കുന്നത്.

ഉത്സവവും, പെരുന്നാളും, വിഷുവും മറ്റും ആഘോഷങ്ങൾ ഇല്ലാതെ പോയപ്പോഴും സ്കൂൾ തുറപ്പെങ്കിലും ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. ലോക്ക് ഡൗണിനൊക്കെ മുൻപേ തന്നെ വീട്ടിലടയ്ക്കപ്പെട്ട കുരുന്നുകൾ ഇനി ഓൺലൈൻ ക്ലാസുകളുമായി ഒതുങ്ങി കൂടണം. കുറച്ചു നാളത്തേക്കെങ്കിലും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടു ജീവിച്ചേ പറ്റൂ.

കഴിഞ്ഞ വർഷം വരെ സ്കൂളുകൾ പുതിയ കുരുന്നുകളെ അക്ഷര ലോകത്തേക്ക് സ്വാഗതം ചെയ്യാൻ പ്രവേശനോത്സവവും കുട്ടികളുടെ ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളൊക്കെ വരച്ച ക്ലാസുമുറികളുമൊക്കെ ഒരുക്കി കാത്തിരിക്കുകയായിരുന്നു. ഇത്തവണ ക്ലാസുമുറികളും സ്കൂളും ലോക്ക് ഡൗൺ കഴിയുന്നതും കാത്തിരിപ്പാണ്.