കാറ്റിൽ താജ്മഹലിന് നാശനഷ്ടം

Monday 01 June 2020 2:37 AM IST

TAJMAHAL

ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയുണ്ടായ ഇടിമിന്നലിലും കനത്ത മഴയിലും താജ്മഹലിന് നാശനഷ്ടം. യമുനാ നദിയുടെ ഭാഗത്തുള്ള മാർബിൾ കൈവരികൾ തകർന്നു. മിന്നലേറ്റ് ഒൻപത് അടി നീളത്തിൽ മാർബിളിനും ആറടി നീളത്തിൽ ചുവന്നകല്ല് പതിച്ച രണ്ട് പാനലിംഗിനും കേട് സംഭവിച്ചു. പടിഞ്ഞാറേ ഗേറ്റിലെ ടിക്കറ്റ് ഏരിയയിലും കാര്യമായ തകരാറുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണ് താജ്മഹൽ പരിസരത്തും കേടുപാടുകളുണ്ടായി. പ്രധാന സ്‌മാരകത്തിന് തകരാറില്ലെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. ഏകദേശം 20 ലക്ഷം രൂപയുടെ തകരാറുണ്ടായെന്നാണ് പുരാവസ്തു വകുപ്പിന്റെ കണക്കുകൂട്ടൽ.

വെള്ളിയാഴ്ച മണിക്കൂറിൽ 123 കിലോമീറ്റർ വേഗത്തിലാണ് ഉത്തപ്രദേശിൽ കാറ്റ് ആഞ്ഞു വീശിയത്.രണ്ട് ജില്ലകളിലായി 13 പേർ മരിച്ചു. മരങ്ങളുടെ അടിയിൽപ്പെട്ടാണ് മൂന്നു പേർ മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റ 25 പേർക്ക് സൗജന്യ ചികിത്സ നൽകാനും ഉത്തരവായി.