അസാമിൽ ആൾക്കൂട്ടം വിദ്യാർത്ഥിയെ തല്ലിക്കൊന്നു

Monday 01 June 2020 12:41 PM IST

MOB LYNCHING

ന്യൂഡൽഹി: അസാമിലെ ജോർഘട്ട് ജില്ലയിൽ റോഡപകടമുണ്ടാക്കിയെന്നാരോപിച്ച് ആൾക്കൂട്ടം വിദ്യാർത്ഥിയെ തല്ലിക്കൊന്നു. അവസാന വർഷ ബിരുദവിദ്യാർത്ഥിയായ ദേബശിശ് ഗോഗോയിയാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ആൾക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേബശിശ് ജോർഘട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ദേബശിശിന്റെ സുഹൃത്ത് അദിത്യദാസ് ഗുരുതരാവസ്ഥയിലാണ്.

ഗബോരു പാർബട്ടിലെ പ്രശസ്​തമായ വിനോദ സഞ്ചാരകേന്ദ്രം സന്ദർശിച്ച്​ ബൈക്കിൽ മടങ്ങി വരികയായിരുന്ന യുവാക്കളെ തേയിലത്തോട്ടത്തിന് സമീപം വച്ച് സെക്യൂരിറ്റി തടഞ്ഞു. ഇത് മറികടന്ന് മുന്നോട്ട് പോകുന്നതിനിടെ രണ്ട് സ്ത്രീകൾക്ക് മേൽ ബൈക്ക് തട്ടി. രണ്ട് സ്ത്രീകൾക്കും സാരമായ പരിക്കില്ല. എന്നാൽ ഇതിന് പിന്നാലെ അമ്പതോളം പേർ സംഘടിച്ചെത്തി ബൈക്ക് തടഞ്ഞ് രണ്ട് പേരെയും മർദ്ദിക്കുകയായിരുന്നു. നൂറോളം ഓളം പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വിവരമറിഞ്ഞ് ദേബാശിഷ് ഗോഗോയിയുടെ പിതാവും സഹോദരിയും അടക്കമുള്ളവർ സ്ഥലത്തെത്തി ജനക്കൂട്ടത്തോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറെനേരം കഴിഞ്ഞാണ് രണ്ട് പേരെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ആൾക്കൂട്ടം ബന്ധുക്കളെ അനുവദിച്ചത്. സംഭവത്തിൽ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.