കർഷകരെ വട്ടംചുറ്റിച്ച് റോഡ് നിർമ്മാണം

Monday 01 June 2020 12:13 AM IST

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള റോഡ് നിർമാണത്തിനിടെ വെട്ടുബലിക്കുളത്തിലേക്കുള്ള പൈപ്പ് കണക്‌ഷൻ വിച്ഛേദിച്ചതിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രദേശത്തെ കർഷക കൂട്ടായ്മ. ഭഗവതിനട ഏലായിൽ കൃഷി പരിപാലനത്തിനായി ഇറിഗേഷൻ കനാലിൽ നിന്നും വെട്ടുബലിക്കുളത്തിലേക്ക് സ്ഥാപിച്ച പൈപ്പ് ലൈനാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി വിച്ഛേദിച്ചത്. ഭഗവതിനട ഫാർമേഴ്സ് ക്ളബിന്റെ നേതൃത്വത്തിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. വെട്ടുബലിക്കുളത്തിലേക്കുള്ള പൈപ്പ് കണക്‌ഷൻ വിച്ഛേദിച്ച് പകരം പൂങ്കോട് സ്വിമ്മിംഗ് പൂളിലേക്ക് പൈപ്പ്കണക്‌ഷൻ പുനഃസ്ഥാപിച്ചെന്നാണ് കർഷകർ പറയുന്നത്. വർഷങ്ങളായി വെട്ടുബലിക്കുളം ജലസ്രോതസാണ് ഭഗവതിനട ഏലാ മുതൽ ഐത്തിയൂർ,​ മുക്കോല,​ വിഴിഞ്ഞം വരെയുള്ള കർഷകർ കൃഷിയ്ക്കായി ആശ്രയിക്കുന്നത്. കൂടാതെ വേനൽക്കാലത്ത് പ്രദേശത്തെ കിണറുകളും മറ്റ് നീരുറവകളും വറ്റുമ്പോൾ പ്രദേശവാസികൾ ആശ്രയിക്കുന്നതും വെട്ടുബലിക്കുളത്തെയാണ്. സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ പ്രധാന വേദികളിലൊന്നുകൂടിയാണ് ഇവിടം. ബോട്ട് ക്ളബിന്റെ നേതൃത്വത്തിൽ ഓണക്കാല ബോട്ട് സർവീസും ഇവിടെ പതിവായി നടക്കാറുണ്ട്.

പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിലേക്ക് വെള്ളമെത്തിക്കുന്നതിന് രണ്ട് ലക്ഷം രൂപയുടെ പദ്ധതിക്ക് പള്ളിച്ചൽ പഞ്ചായത്ത് രൂപം നൽകിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് രണ്ട് ലക്ഷം രൂപ വാട്ടർ അതോറിട്ടിക്ക് കൈമാറിയാണ് മുടവൂർപ്പാറ ദേശീയപാത മുറിച്ച് കനാലിൽ നിന്നും പൈപ്പ് കണക്‌ഷൻ പൂങ്കോട് സ്വിമ്മിംഗ്പൂളിൽ സ്ഥാപിച്ചത്. വെട്ടുബലിക്കുളത്തിലേക്കുള്ള പൈപ്പ്കണക്‌ഷൻ അട്ടിമറിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് ആരോപിച്ച് പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് കർഷകർ.

കുളം നവീകരിക്കാൻ അനുവദിച്ചത് - 5 ലക്ഷം രൂപ

പെപ്പ് കണക്‌ഷൻ വിച്ഛേദിച്ചത് - ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട്

കുളത്തിന്റെ വിസ്തൃതി- 2 ഏക്കറോളം

പായ‍ൽ മൂടി കുളം നാശത്തിന്റെ വക്കിൽ

ഒരു പ്രദേശത്തിന്റെ ജലസ്രേതസായ കുളം പായൽമൂടി നാശത്തിന്റെ വക്കിലേക്ക് നീങ്ങിയിട്ടും ജനപ്രതിനിധികളോ പഞ്ചായത്തോ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പൂങ്കോട് ഡിവിഷൻ മെമ്പർ എസ്. വീരേന്ദ്രകുമാർ പട്ടികജാതി ഫണ്ട് അനുവദിച്ച് കുളം നവീകരിക്കാൻ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രാദേശിക എതിർപ്പുകൾ തടസമായപ്പോൾ ഫണ്ട് വകമാറ്റേണ്ടി വന്നു. നാട്ടുകാരുടെ ആവശ്യപ്രകാരം ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തി 2020-21 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ പ്രോജക്ട് കൈമാറിയിട്ടും ഡി.പി.സിയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് കുളത്തിലെ പായൽ നീക്കം ചെയ്ത് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എസ്. വീരേന്ദ്രകുമാർ പറഞ്ഞു.