"തിരോന്തരം കിടിലമാണ്, ഓർമ്മകൾ എപ്പോഴും കൂടെയുണ്ടാകും"

Monday 01 June 2020 12:34 AM IST

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സ്ഥലം മാറി പോകുന്ന ജില്ലാ കളക്‌ടർ കെ. ഗോപാലകൃഷ്ണൻ തിരുവനന്തപുരത്തെക്കുറിച്ച് പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് ഏറ്റെടുത്ത് തലസ്ഥാനം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മലപ്പുറത്തേക്ക് പോകുന്നതിന് മുമ്പ് തിരുവനന്തപുരത്തെക്കുറിച്ചുള്ള മധുരിക്കുന്ന ഓർമ്മകൾ പങ്കുവച്ചത്. ''തിരോന്തരം കിടിലമാണ്. എനിക്കേറ്റവും പ്രിയപ്പെട്ടതാണ്'' എന്നു തുടങ്ങുന്ന പോസ്റ്റിൽ തലസ്ഥാനത്തിന്റെ കരുതലിനെയും സ്നേഹത്തെയുമാണ് അദ്ദേഹം ഓ‌ർമിക്കുന്നത്.

ലോകത്തേറ്റവും സമ്പന്നമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ബീമാപള്ളിയും വെട്ടുകാട് പള്ളിയും മതസൗഹാർദ്ദത്തിന്റെ മഹനീയ ഇടം. തിരുവനന്തപുരത്ത് ഇല്ലാത്തതായി ഒന്നുമില്ലെന്നും അദ്ദേഹം കുറിക്കുന്നു. ചരിത്രസാക്ഷികളായി നിൽക്കുന്ന മനോഹരങ്ങളായ യൂണിവേഴ്സിറ്റി കോളേജും മ്യൂസിയവും പബ്ലിക് ഓഫീസും പ്രൗഢമായ പാരമ്പര്യത്തെയും ഓർമിപ്പിക്കുന്നു. ചാലയും പാളയവും ഗ്രാമച്ചന്തകളായ ആറാലുംമൂടും മാമവും കാട്ടാക്കടയും തിരുവനന്തപുരത്തിന്റെ നന്മനിറയുന്ന വ്യാപാര ജീവിതത്തിന്റെ നേർക്കാഴ്ചകളാണെന്നും കുറിപ്പിലുണ്ട്. കേരളത്തിലെ ആദ്യ സർവകലാശാല, ആദ്യ മെഡിക്കൽ കോളേജ്, ആദ്യ റേഡിയോ സ്റ്റേഷൻ, ടെലിവിഷൻ കേന്ദ്രം, മൃഗശാല, മ്യൂസിയം, വാനനിരീക്ഷണ കേന്ദ്രം, സർക്കാർ ആശുപത്രി, ലാ കോളേജ്, വനിതാ കോളേജ്, പബ്ലിക് ലൈബ്രറി എല്ലാം ഇവിടെയാണ്. മഹാത്മാ അയ്യങ്കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയ മഹാരഥന്മാരുടെ ജന്മ സ്ഥലമാണ്. എത്രയോ മികച്ച ഭരണാധികാരികൾ വാണിരുന്ന ഭരണസിരാകേന്ദ്രം സെക്രട്ടേറിയറ്റ് ഇവിടെയാണ്. രാജ്യത്തെ പ്രധാനപ്പെട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. 2192 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുള്ള തിരുവനന്തപുരത്ത് ഇല്ലാത്തതായി ഒന്നുമില്ല. ഇവിടത്തെ ഓർമകൾ മനോഹരങ്ങളാണ്. അവ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അരുവിക്കര ഡാം തുറക്കലും നഗരത്തിലെ വെള്ളപ്പൊക്കവുമടക്കമുള്ള കാര്യങ്ങളിൽ നഗരസഭയുമായി ഉടക്കിയതും കളക്ടറുടെ സ്ഥലം മാറ്റത്തിന് വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ. നവജ്യോത് ഖോസയാണ് പുതിയ കളക്ടർ.