ട്രെയിനിലേക്ക് ബിസ്​കറ്റ്​ എറിഞ്ഞു നൽകിയ റെയിൽവേ ഉദ്യോഗസ്ഥന്​ സസ്​പെൻഷൻ

Monday 01 June 2020 12:10 AM IST
ചീഫ് ഇൻസ്‌പെക്ടർ ഡി.കെ. ദീക്ഷിത് തൊഴിലാളികൾക്ക് ബിസ്കറ്റ് എറിഞ്ഞു നൽകുന്നു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഫിറോസാബാദ് റെയിൽവേ സ്റ്റേഷനിൽ ശ്രമിക് ട്രെയിനിലേക്ക് ബിസ്‌കറ്റ് എറിഞ്ഞു നൽകിയ റെയിൽവേ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ട്രെയിനിൽ യാത്രചെയ്തിരുന്ന അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ബിസ്‌കറ്റ് എറിഞ്ഞുനൽകുന്ന മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നത് പ്രതിഷേധത്തിലേക്ക് വഴിവച്ചതോടെയാണ് ചീഫ് ഇൻസ്‌പെക്ടർ ഡി.കെ. ദീക്ഷിതിനെ സസ്പെന്റ് ചെയ്തത്. തൊഴിലാളികളോട് അനാദരവോടെ പെരുമാറിയെന്നതാണ് റെയിൽവേ നൽകുന്ന വിശദീകരണം. ബിസ്‌കറ്റ് എറിഞ്ഞുനൽകുന്നതിനോടൊപ്പം തൊഴിലാളികളെ ശാസിക്കുന്നതും പരിഹസിക്കുന്നതും, ദീക്ഷിതിന്റെ ജന്മദിനം പ്രമാണിച്ചാണ് ബിസ്‌കറ്റ് വിതരണമെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ പറയുന്നതും വീഡിയോയിൽ കാണാം. കൂടാതെ ബിസ്‌കറ്റ്‌ ചോദിച്ച യാത്രക്കാരോട് ഒരെണ്ണം മാത്രമേ നൽകൂവെന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും പറയുന്നുണ്ട്.