മട്ടുപ്പാവിലും മണ്ണിൽ പൊന്ന് വിളയിച്ച് ഐഷാബി
കൊടുങ്ങല്ലൂർ: മട്ടുപ്പാവിൽ ഗ്രോ ബാഗ് കൃഷിയിലൂടെ നൂറുമേനി വിളയിച്ച് ലോക്ക് ഡൗണും ആനന്ദകരമാക്കുകയാണ് ഐഷാബി ടീച്ചർ. സർവ്വീസിലായിരുന്നപ്പോഴും ശേഷവും വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഏറെ പുരസ്കാരങ്ങൾക്ക് അർഹയായിരുന്നു. 73-ാം വയസിലാണ് പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ ഈ അദ്ധ്യാപിക വീടിന്റെ മട്ടുപ്പാവിൽ ഗ്രോ ബാഗ് കൃഷി ചെയ്യുന്നത്. എടവിലങ്ങ് ഗവ. ഫിഷറീസ് സ്കൂളിലെ പ്രഥമാദ്ധ്യാപികയായിരുന്ന ഐഷാബി ടീച്ചർ 2003ലാണ് സർവീസിൽ നിന്ന് വിരമിച്ചത്. വിരമിച്ച് രണ്ടായിരത്തോളം അംഗങ്ങളുള്ള കൃഷിത്തോട്ടം ഫേസ് ബുക്ക് കൂട്ടായ്മയിൽ സജീവമായതോടെയാണ് മട്ടുപ്പാവ് കൃഷിയിടമാക്കാൻ ആരംഭിച്ചത്. ശാസ്ത്രീയമായി രൂപ കൽപ്പന ചെയ്ത് മട്ടുപ്പാവിൽ ഒരുക്കിയ ടീച്ചറുടെ കൃഷിയിടത്തിൽ വെണ്ട, തക്കാളി, വഴുതന, കുമ്പളം, ചുരക്ക, പടവലം, ചീര തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളുമുണ്ട്.
ജൈവ വളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. തിരി നനയ്ക്കുള്ള സജ്ജീകരണമൊരുക്കിയും കീടങ്ങളെ തുരത്തുന്നതിന് ജൈവ കീടനാശിനികൾ ഉപയോഗിച്ചുമാണിവർ കൃഷി വിജയകരമാക്കിയത്. കൃഷിത്തോട്ടം ഫേസ് ബുക്ക് കൂട്ടായ്മ കഴിഞ്ഞ വർഷം സംഘടിപ്പിച്ച മത്സരത്തിൽ മികച്ച ജൈവ കർഷകയ്ക്കുള്ള പുരസ്കാരം ടീച്ചർക്കായിരുന്നു.
കൃഷി മന്ത്രി വി.എസ് സുനിൽകുമാറിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മക്കളെയെല്ലാം പഠിപ്പിച്ച് ഉന്നത സ്ഥാനീയരാക്കിയ ടീച്ചർ, മട്ടുപ്പാവിലെ കൃഷി പരിപാലനത്തിന് പുറമെ മൂന്ന് വെച്ചൂർ പശുക്കളെയും, പലതരം മീനുകളെയും പരിപാലിക്കുന്നു.
പുരസ്കാരങ്ങൾ
2002 ൽ മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം
2009 ൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിലെ സേവനത്തിന് രാഷ്ട്രപതിയുടെ സിൽവർ സ്റ്റാർ പുരസ്കാരം
വിരമിച്ച ശേഷം ഏഴ് വർഷം സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന ഓർഗനൈസിംഗ് കമ്മിഷണർ