അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്രമായി, നാളെ വൈകുന്നേരത്തോടെ നിസർഗയെത്തും, കേരളത്തിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യത

Monday 01 June 2020 11:14 AM IST

ന്യൂഡൽഹി: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു. നാളെ വൈകുന്നേരത്തോടെ രൂപപ്പെടുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്‍ച കര തൊടും. മഹാരാഷ്ട്രയ്ക്കും ദാമനും ഇടയിലായിരിക്കും നിസര്‍ഗ കര തൊടുക. അതേസമയം കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്.

കാലവര്‍ഷം കേരളത്തിൽ എത്തിച്ചേരാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തു വരുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാദ്ധ്യതയുള്ളതിനാൽ ജൂൺ 4 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ ഇന്നുതന്നെ കാലവർഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. കേരളത്തിൽ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യയതയുണ്ടെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.