'ഇലയുണ്ട്, സദ്യയില്ല, പ്രവാസി ദ്രോഹ നടപടികക്കെതിരെ പ്രവാസി ലീഗ് പ്രതിഷേധ സംഗമം ജില്ലയിലെ 100 കേന്ദ്രങ്ങളിൽ

Monday 01 June 2020 12:40 PM IST

കണ്ണൂർ: കേന്ദ്രകേരള സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികക്കെതിരെ വേറിട്ട സമരവുമായി പ്രവാസി ലീഗ്. കൊവിഡ് ബാധിച്ച് ദിനംപ്രതി മലയാളികൾ അടക്കം പ്രവാസ ലോകത്ത് മരിച്ചുവീഴുകയാണ്. അവരുടെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. രോഗത്തിന്റെ പിടിയിലമർന്ന് നൂറുക്കണക്കിന് ആളുകൾ വിവിധ തരത്തിൽ കഷ്ടപ്പെടുകയാണ്. മരണപ്പെട്ട കുടുംബങ്ങൾക്ക് മതിയായ നഷ്ട പരിഹാരം കൊടുക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് മതിയായ സൗജന്യ താമസമൊരുക്കുന്നതിൽ പോലും സർക്കാർ പിന്നോക്കം പോയിരിക്കുകയാണ്.

ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിനുമായി പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജൂൺ 3 ന് നടത്തുന്ന പ്രതിഷേധ സംഗമം ജില്ലയിൽ നൂറു കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുവാൻ പ്രവാസി ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. യു.പി അബ്ദുറഹ്മാൻ, പി.എം മുഹമ്മദ് കുഞ്ഞി ഹാജി, കെ.പി ഇസ്മായിൽ ഹാജി, ഇ.കെ ജലാലുദ്ദീൻ, നാസർ കേളോത്ത്, റസാഖ് പടിയൂർ, അബ്ദുള്ള ഹാജി പാനൂർ, ഇ. എം ബഷീർ ഹാജി, എ.പി ഇബ്രാഹിം, എം.കെ മൊയ്തു ഹാജി, മുഹമ്മദ്ഹാജി ഇരിട്ടി, പി.വി അബ്ദുൽ ഖാദർ, ഹംസ തറാൽ, അഹമദ് തളയം കണ്ടി, സത്താർ വളക്കൈ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.പി മഹമൂദ് സ്വാഗതവും, ഖാദർ മുണ്ടേരി നന്ദിയും പറഞ്ഞു.