വഴി മാറി ഓടിയെന്ന ആരോപണം തള്ളി, ട്രെയിനുകളെല്ലാം നിശ്ചയിച്ച സ്ഥലത്തേക്കുതന്നെ എത്തിയെന്ന് റെയിൽവേ മന്ത്രി
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്കായുള്ള ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ വഴിതെറ്റിയെന്നും വൈകുന്നുവെന്നുമുള്ള ആരോപണങ്ങളെ തള്ളി റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ. നിശ്ചയിച്ചിരുന്ന സ്റ്റേഷനുകളിലേക്ക് തന്നെയാണ് സർവ്വീസ് നടത്തിയത്. ട്രെയിനുകളുടെ കാര്യത്തിൽ ദുർഭരണവും വഴിമാറിപ്പോകലും ഒന്നും ഉണ്ടായിട്ടില്ല. ചില റൂട്ടുകളിൽ മാത്രം റൂട്ട് മാറ്റിവിടുകയേ ഉണ്ടായിട്ടുള്ളൂ എന്ന് റെയിൽവേ മന്ത്രി അറിയിച്ചു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പടെ നിരവധി പ്രതിപക്ഷ നേതാക്കൾ ശ്രമിക്ക് ട്രെയിനുകൾ തോന്നുംപോലെ റെയിൽവെ വഴിമാറ്രി വിട്ടുവെന്നും ദിവസങ്ങളോളം വൈകിയെന്നും ആരോപണം ഉന്നയിച്ചിരുന്നു. മുൻപ് റയിൽവേ സുരക്ഷാസേന ശേഖരിച്ച വിവരം അനുസരിച്ച് 80ഓളം പേർ ഇത്തരം ട്രെയിനുകളിൽ മരിച്ചതായി തെളിഞ്ഞിരുന്നു. എന്നാൽ ഇവരിൽ പലർക്കും മുൻപ് തന്നെ ഗുരുതര രോഗങ്ങളുണ്ടായിരുന്നു എന്നാണ് ഉന്നത റെയിൽവേ അധികാരികൾ നൽകിയ വിവരണം.
'ഈ ആരോപണങ്ങളെയെല്ലാം തള്ളുന്നു. മേയ് 19 വരെ എല്ലാ വണ്ടികളും നിശ്ചിത സമയത്തിന് മുൻപ് തന്നെ എത്തി. ആകെ 4040 വണ്ടികളിൽ 71 എണ്ണം മാത്രമാണ് വഴിതിരിച്ച് വിട്ടിരുന്നത്. എവിടെ നിന്നോ വന്ന് ട്രെയിനുകൾ എങ്ങോട്ടോ പോകുന്നു എന്നുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണ്.' പീയൂഷ് ഗോയൽ പറഞ്ഞു.
'ഒരു ട്രെയിനും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നതുപോലെ ഏഴോ ഒൻപതോ ദിവസമൊന്നും വൈകിയിട്ടില്ല. ലോക്ഡൗണിനെ തുടർന്ന് 4040 ഓളം ശ്രമിക്ക് ട്രെയിനുകൾ 54 ലക്ഷം ജനങ്ങളുമായി സർവ്വീസ് നടത്തി. ഏറ്റവുമധികം തിരക്കുണ്ടായ റൂട്ട് ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിലാണ് ഇവിടങ്ങളിൽ ചിലയിടത്ത് പ്രത്യേക സംവിധാനമൊരുക്കുകയും വഴി തിരിച്ച് വിടേണ്ടിയും വന്നു.
രാജ്യത്ത് ലോക്ഡൗൺ കൊണ്ടുവന്നതിന്റെ ഉദ്ദേശം രോഗം പടരാതിരിക്കാനാണ്. അതിനാൽ തൊഴിലാളികൾ എവിടെ നിൽക്കുന്നോ അവിടെത്തന്നെ തുടരാൻ കേന്ദ്രം ആവശ്യപ്പെട്ടു. അതിനാലാണ് മേയ് 1 നുമാത്രം ട്രെയിൻ സർവ്വീസുകൾ ആരംഭിച്ചത്.' മന്ത്രി അറിയിച്ചു. മേയ്12ന് ആരംഭിച്ച ശ്രമിക്ക് ട്രെയിനുകൾക്കും മറ്റ് സ്പെഷ്യൽ ട്രെയിനുകൾക്കും പുറമേ ഇന്നുമുതൽ രാജ്യത്ത് 200 സ്പെഷ്യൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു.
1,45000പേരാണ് ഇന്ന് യാത്ര ചെയ്യാൻ ബുക്ക് ചെയ്തിരിക്കുന്നത്. 'തീവണ്ടികൾ എത്തിപ്പെടുന്ന സ്ഥലത്തുണ്ടാകുന്ന തിരക്കും കുഴപ്പങ്ങളുമാണ് താമസത്തിന് ഇടയാക്കിയിട്ടുള്ളത്.' ഗോയൽ പറഞ്ഞു. 'കേന്ദ്രം അനുവദിച്ച പല സ്പെഷ്യൽ ട്രെയിനുകളും സംസ്ഥാനങ്ങൾക്ക് യാത്രക്കാരുടെ കുറവെന്ന കാരണത്താൽ ഉപയോഗിക്കാൻ ആയിട്ടില്ല. മഹാരാഷ്ട്രയ്ക്ക് മാത്രം നൂറോളം വണ്ടികൾ ഇങ്ങനെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല.' കേന്ദ്രമന്ത്രി ആരോപിച്ചു. ആരും വിശപ്പ് കൊണ്ട് തീവണ്ടികളിൽ മരിച്ചിട്ടില്ലെന്നും മന്ത്രി വാദിച്ചു.
'ശക്തമായ മെഡിക്കൽ സംവിധാനമുണ്ടെങ്കിൽ യാത്ര ചെയ്ത പലരുടെയും മരണം തടുക്കാമായിരുന്നു. മാദ്ധ്യമങ്ങൾ പോലും എട്ടോ ഒൻപതോ മുഖ്യ കേസുകൾ മാത്രമാണ് ഇങ്ങനെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മതിയായ പരിശോധന നടത്തുന്നുണ്ടെങ്കിലും ജനബാഹുല്യം കൊണ്ട് ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് എല്ലാവരെയും സസൂക്ഷ്മം പരിശോധിക്കാൻ സാധിക്കാതെ വരുന്നു. 36ഓളം ഗർഭിണികൾ ഇങ്ങനെ യാത്രക്കിടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അവർ ട്രെയിനുകളിൽ യാത്രചെയ്യാനേ തീരുമാനിക്കരുതായിരുന്നു. സംസ്ഥാനങ്ങൾക്ക് ആവശ്യത്തിനനുസരിച്ച് ഇനിയും ട്രെയിനുകൾ പ്രത്യേകം ഓടിക്കാൻ തയ്യാറാണ്.' കേന്ദ്ര റയിൽവേ മന്ത്രി അറിയിച്ചു.