സംഗീത സംവിധായകൻ വാജിത് ഖാൻ അന്തരിച്ചു
Tuesday 02 June 2020 5:30 AM IST
ബോളിവുഡിലെ സാജിദ് വാജിദ് സംഗീത സംവിധായക ജോഡിയിലെ വാജിത് ഖാൻ അന്തരിച്ചു(42 ). വൃക്ക മാറ്റിവച്ച ശേഷം അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു വാജിത്. ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചതെന്ന് സംഗീത സംവിധായകൻ സലിം മെർച്ചന്റ് പറഞ്ഞു.
അതേസമയം, വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൂപ്പർഹിറ്റുകളായ വാണ്ടഡ്, എക്താ ടൈഗർ, ദബാംഗ് തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം സംഗീതം നിർവഹിച്ചത് വാജിദ് ആയിരുന്നു. സഹോദരൻ സാജിദുമായി ചേർന്ന് നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്.1998ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമായ പ്യാർ കിയാ തോ ഡർണാ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ് സിനിമാസംഗീത ലോകത്തേക്ക് കടക്കുന്നത്.