ഈ കായൽ മത്സ്യങ്ങളും വിസ്മൃതിയിൽ
വർക്കല: താലൂക്കിലെ കായലുകളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ലോക്ക് ഡൗൺ കാലത്ത് വിപണി വിലയുള്ള കരിമീൻ, ആറ്റുകൊഞ്ച്, പൂമീൻ, ചാളയുടെ രൂപസാദൃശ്യമുള്ള തൊണ്ണൻ, തേട്, ഞണ്ട്, കക്ക, ചിപ്പി, തുടങ്ങിയവ കാര്യമായ തോതിൽ ലഭിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
രണ്ട് പതിറ്റാണ്ട് മുൻപ് തന്നെ ഇതര ജില്ലകളിലേക്ക് മത്സ്യം കയറ്റി അയയ്ക്കുന്ന വിപണന കേന്ദ്രങ്ങൾ താലൂക്കിലെ പല കായലുകൾ കേന്ദ്രീകരിച്ച് ഉണ്ടായിരുന്നു. കായൽ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ തിരിച്ചടിയായി.
കാര്യമായ പഠനങ്ങൾ നടത്താതെ വർഷങ്ങൾക്കു മുൻപ് ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളുടെ പേരിൽ ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ചതും ഫലം കണ്ടില്ല.
2016-ൽ മത്സ്യകൃഷി വ്യാപിപ്പിക്കാൻ ഫിഷറീസ് വകുപ്പ് ചില പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും പലയിടത്തും ചെമ്മീൻ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ചത് മാത്രമായി ഒതുങ്ങി. മത്സ്യ കുഞ്ഞുങ്ങളുടെ വിവിധ ഘട്ടങ്ങൾ പരിശോധിക്കുന്നതിന് മോണിറ്ററിംഗ് സംവിധാനത്തിലുണ്ടായ പാകപ്പിഴകളും തിരിച്ചടിയായി. കായലിന്റെ അടിത്തട്ടിലെ മണൽപ്പരപ്പിലാണ് കരിമീൻ അടക്കമുള്ള മത്സ്യങ്ങൾ പ്രജനനം നടത്തുന്നത്.
നിയമം മൂലം നിരോധിക്കപ്പെട്ട തോട്ട പൊട്ടിക്കൽ വീണ്ടും മിക്കയിടത്തും വ്യാപകമായതോടെ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് കുറയുകയും ചിലയിനം മത്സ്യങ്ങൾ കടുത്ത വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്. അസംഘടിത മേഖലയായ പരമ്പരാഗത കായൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗവും പ്രതിസന്ധിയിലായിട്ടുണ്ട്.