ജോസഫ് കാല് മാറുമ്പോൾ?
കൊവിഡ്-19നെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗൺ ഇടവേള മതിയാക്കി കേരള രാഷ്ട്രീയം കൊവിഡിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു.
കേരള രാഷ്ട്രീയത്തിന് ഇതനിവാര്യമായിരുന്നു. കാരണം ഇത് തിരഞ്ഞെടുപ്പ് വർഷമാണ്.
തിരഞ്ഞെടുപ്പ് പോരിനുള്ള ഒരുക്കങ്ങളും രാഷ്ട്രീയ സാദ്ധ്യതകളും മുന്നണികളും കക്ഷികളും ചികഞ്ഞ് തുടങ്ങിയിട്ടുണ്ട്. സർക്കാരിന്റെ നാലാം വാർഷികവേളയിൽ ഇടതുമുന്നണി ഗൃഹസന്ദർശനത്തിനൊരുങ്ങിയത് അതിന്റെ ഭാഗം. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും ഇടപെടലുകളിലൂടെ രാഷ്ട്രീയസാദ്ധ്യതകളും മൂന്ന് മുന്നണികളും പരീക്ഷിക്കാതില്ല.
ജോസഫിന്റെ പ്രശംസ
മുഖ്യമന്ത്രിയെ പാടിപ്പുകഴ്ത്തിയുള്ള പി.ജെ. ജോസഫിന്റെ കടന്നുവരവ് ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാനെത്തിയ ജോസഫ്, മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിരോധ ഇടപെടലുകളെ മുക്തകണ്ഠം പ്രശംസിച്ചു. പ്രവാസികളുടെ വരവിലടക്കം സർക്കാരിന്റെ കഴിവുകേടുകളുണ്ടായെന്ന് യു.ഡി.എഫും ബി.ജെ.പിയുമെല്ലാം വിമർശിക്കുന്ന സന്ദർഭത്തിലായിരുന്നു ഇത്. സർക്കാരിന്റെ നാലാം വാർഷികവും മുഖ്യമന്ത്രിയുടെ ജന്മദിനവും ഒരുമിച്ചെത്തിയപ്പോൾ ജോസഫ് ജന്മദിനാശംസ നേർന്ന് വീണ്ടും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി. സ്വന്തം പക്ഷത്തിന് പരോക്ഷവിമർശനവും ഒരു പത്രത്തിലെഴുതിയ ലേഖനത്തിൽ ജോസഫ് ഒളിപ്പിച്ചുകടത്താതിരുന്നില്ല. തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കുമ്പോഴുള്ള സർക്കാരിന്റെ നാലാം വാർഷികവേളയിൽ ദുരന്തമുഖമാണെങ്കിലും പ്രതിപക്ഷത്തിന് വിമർശനം കടുപ്പിക്കാതിരിക്കാനാവുമായിരുന്നില്ല. അതിനാൽ വാർഷികദിനത്തിൽ അവർ പ്രതിഷേധദിനാചരണം സംഘടിപ്പിച്ചു.
കേരളത്തിൽ ഇന്നേറ്റവും മുതിർന്ന നേതാക്കളിലൊളാണ് പി.ജെ. ജോസഫ്. നിയമസഭാസാമാജികനെന്ന നിലയിലും ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഇന്ന് സീനിയർ ജോസഫാണ്. മാണിയില്ലാത്ത കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്നത്തെ ഏറ്റവും താരമൂല്യമുള്ള നേതാവും അദ്ദേഹം. സ്ഥാപകനേതാവായ ആർ. ബാലകൃഷ്ണപിള്ളയെ വിസ്മരിക്കുന്നില്ല. ബാലകൃഷ്ണപിള്ളയുടെ പാർട്ടിക്ക് ഇന്നിത്രയും താരമൂല്യമില്ല. 2006 മുതൽ പിള്ള സഭയിലില്ല. മകൻ ഗണേശ്കുമാർ കക്ഷിനേതാവും ഏക അംഗവുമാണ്. മാണിക്ക് ശേഷം പാർട്ടി പിളർന്നെങ്കിലും നിയമസഭയിലിപ്പോഴും മാണി കേരള കോൺഗ്രസ് എന്ന കക്ഷിയായി നിൽക്കുന്ന അഞ്ചംഗങ്ങളെ നയിക്കുന്നത് ജോസഫാണ്.
ജോസഫിന്റെ നീക്കങ്ങളും കോടിയേരിയുടെ ആഹ്വാനവും
എൺപതിലെത്തിയ പി.ജെ. ജോസഫിന്റെ രാഷ്ട്രീയകരുനീക്കങ്ങളാണിപ്പോൾ കേരളരാഷ്ട്രീയത്തിലെ കൗതുകക്കാഴ്ച. കെ.എം. മാണിയുടെ നിര്യാണത്തോടെ മകൻ ജോസ് കെ.മാണിയും ജോസഫും തമ്മിലടിയായി. 2011ൽ ജോസഫ് പക്ഷം ലയിച്ച് വിപുലീകരിക്കപ്പെട്ട കേരള കോൺഗ്രസ്-എം മറ്റൊരു പിളർപ്പിലെത്തി. മാണിയുടെ വിശ്വസ്തരായിരുന്ന സി.എഫ്.തോമസും ജോയി എബ്രഹാമും തോമസ് ഉണ്ണിയാടനും ജോസഫിനൊപ്പമെത്തിയെന്നതാണ് പിളർപ്പിന്റെ ബാക്കിപത്രം. ജേക്കബ് ഗ്രൂപ്പിനെ പിളർത്തി ജോണിനെല്ലൂരുമെത്തി. പക്ഷേ കോട്ടയം ജില്ലയിലുൾപ്പെടെ പ്രവർത്തകപിന്തുണ തങ്ങൾക്കൊപ്പമാണെന്ന അവകാശവാദം ജോസ് വിഭാഗത്തിനുണ്ട്. നിയമസഭാകക്ഷിയിൽ റോഷി അഗസ്റ്റിനും എൻ. ജയരാജും ജോസ് പക്ഷത്തും സി.എഫ്.തോമസും മോൻസ് ജോസഫും പി.ജെ. ജോസഫും മറുവശത്തുമാണ്, സാങ്കേതികമായി ഒറ്റകക്ഷിയായി തുടരുന്നുണ്ടെങ്കിലും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണിപ്പോൾ ജോസ്- ജോസഫ് തർക്കത്തിന്റെ കേന്ദ്രബിന്ദുവായി നിൽക്കുന്നതും യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയുണ്ടാക്കുന്നതും. നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ച് ഇനിയുള്ള ഏതാനും മാസത്തേക്ക് പ്രസിഡന്റ് സ്ഥാനം വിട്ടുകിട്ടണമെന്നതാണ് ജോസഫിന്റെ ആവശ്യം. സംഗതി നിസ്സാരം. പക്ഷേ പാർട്ടിയുടെ നേതൃത്വമാർക്കെന്ന തർക്കം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ കിടക്കുമ്പോൾ ഇപ്പോഴിരിക്കുന്ന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാൽ സാങ്കേതികതടസ്സമുണ്ടാകാമെന്ന് ജോസ് പക്ഷം കരുതുന്നു. അങ്ങനെയെങ്കിൽ അവശേഷിക്കുന്ന അഞ്ച് മാസത്തേക്ക് കേരള കോൺഗ്രസ് തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇടതുമുന്നണി റാഞ്ചാമെന്നതിനാൽ തിരഞ്ഞെടുപ്പ് മുഖത്ത് അത് രാഷ്ട്രീയക്ഷീണമാണെന്നവർ കരുതുന്നു.
ജോസ് വിടില്ലെന്നുറപ്പാക്കിയ ജോസഫ് നിലപാട് കടുപ്പിക്കുന്നതിന് മുന്നിൽ പല ലക്ഷ്യങ്ങളാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ കൂടുതൽ പ്രാതിനിദ്ധ്യം, നിയമസഭാതിരഞ്ഞെടുപ്പിൽ സ്വന്തംപക്ഷത്തെ നേതാക്കളെ തൃപ്തിപ്പെടുത്താനുതകുന്ന പരമാവധി സീറ്റുകൾ. മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി നിലപാട് കടുപ്പിക്കുകയും വഴി ഭാവി വിലപേശൽ ജോസഫ് ആരംഭിച്ചെന്ന് യു.ഡി.എഫ് നേതൃത്വവുമറിയുന്നു.
പിണറായിസർക്കാർ അധികാരമേറ്റ് അധികനാളാകും മുമ്പ് യു.ഡി.എഫ് വിട്ട് പ്രത്യേകകക്ഷിയായി നിന്ന് വിലപേശിയ കെ.എം.മാണിയുടെ തന്ത്രമാണ് ജോസഫിന്റേതും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ മാണിയെ തിരിച്ച് മുന്നണിയിലെത്തിച്ച ജോസഫ്, ഇന്ന് മാണിയുടെ അതേ മാതൃകയിൽ യു.ഡി.എഫ് വിട്ട് പ്രത്യേകകക്ഷിയാകാനൊരുങ്ങുന്നു. അതുവഴി വിലപേശൽ ശക്തിപ്പെടുത്തുക. കഴിഞ്ഞദിവസം ജോസഫ് പക്ഷത്തെ നേതാക്കളുടെ ഉന്നതാധികാരസമിതി കോട്ടയത്ത് ചേർന്നെടുത്ത തീരുമാനം ഏതാണ്ടിങ്ങനെയാണ്. യു.ഡി.എഫ് വഴങ്ങുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പ് അടുക്കാറാവുമ്പോഴേക്കും ഇടതുപാളയത്തിലെത്താമെന്ന കണക്കുകൂട്ടലുമുണ്ട്. ഇപ്പോൾ അതിന് മുതിരാത്തത് സ്വന്തം പക്ഷത്തെ മുതിർന്ന നേതാക്കളുടെ വൈമനസ്യമാണ്. ഇടതുപാളയത്തിലെ ജനാധിപത്യ കേരള കോൺഗ്രസ് സാരഥ്യം ഉപേക്ഷിച്ച് ജോസഫിനൊപ്പം ചേക്കേറിയ ഫ്രാൻസിസ് ജോർജും തോമസ് ഉണ്ണിയാടനും ഒരു പരിധി വരെ സി.എഫ്. തോമസും ഇടതുചേരിയിലേക്ക് പോകാൻ വിമുഖത കാട്ടുന്നവരാണ്. യു.ഡി.എഫിൽ പ്രതീക്ഷിച്ചത്ര സീറ്റ് കിട്ടില്ലെന്നും ജോസ് കെ.മാണിയുമായുള്ള തർക്കം തലവേദനയായി തുടരുമെന്നും കണക്കുകൂട്ടുന്ന ജോസഫ് മനസ്സിൽ മുന്നണിമാറ്റം ആഗ്രഹിക്കുന്നെന്ന് വേണം കരുതാൻ. കൊവിഡ് പ്രതിരോധത്തിലെ മികവും പറയത്തക്ക വിവാദങ്ങളില്ലാത്തതും കേരളത്തിലൊരു തുടർഭരണത്തിന് വഴിയൊരുക്കുമോയെന്ന തോന്നലുമുണ്ടാവാം.
ജോസഫിന്റെ നീക്കങ്ങൾ മനസ്സിലാക്കിയാണ് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനമുണ്ടായത്. എൽ.ഡി.എഫ് മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷരാഷ്ട്രീയം അംഗീകരിച്ച് യു.ഡി.എഫ് വിടാൻ തയാറാകുന്നവരുമായി ചർച്ചയ്ക്ക് സന്നദ്ധമെന്ന് കോടിയേരി തുറന്ന് പ്രഖ്യാപിച്ചത് യു.ഡി.എഫിനകത്ത് ആശയക്കുഴപ്പം കൂട്ടാനുമാണ്. രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തോടെ എൽ.ഡി.എഫ് മുന്നോട്ട് പോകുമ്പോൾ യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണെന്നും ജനം എൽ.ഡി.എഫിന് തുടർഭരണം നൽകുമെന്നുമുള്ള അവകാശവാദവും കോടിയേരി നടത്തി.
ആർ.എസ്.പി
കോടിയേരിയുടെ നീക്കം ആർ.എസ്.പിയിലെ ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടാണെന്ന പ്രചരണമുണ്ട്. കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ മുതിർന്ന നേതാവ് ടി.ജെ. ചന്ദ്രചൂഡൻ പുകഴ്ത്തിയതും ഇപ്പോൾ ഇടതുപക്ഷത്തുള്ള കോവൂർ കുഞ്ഞുമോനിലൂടെ ചിലരെയെങ്കിലും തിരിച്ചെത്തിച്ച് ദേശീയ ആർ.എസ്.പി ലൈനിലെത്തിക്കാനാവുമെന്നും സി.പി.എം കരുതുന്നെന്നാണ് ഈ പ്രചരണത്തിന് ന്യായീകരണം.
ജോസഫും ഇടതുപക്ഷവും
1989ലാണ് മൂവാറ്റുപുഴ ലോക്‌സഭാസീറ്റിനെ ചൊല്ലി യു.ഡി.എഫിലിടഞ്ഞ് ജോസഫ് ഇടതുപാളയത്തിലെത്തിയത്. അന്ന് മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് ജോസഫ് പദയാത്ര നടത്തി. ചെങ്ങന്നൂരിൽ പരേതനായ പി.കെ.കുഞ്ഞച്ചന്റെ വസതിയിലും എറണാകുളത്ത് എം.എം. ലോറൻസിന്റെ സഹോദരൻ മാത്യുവിന്റെയും വസതികളിൽ ടി.കെ. രാമകൃഷ്ണന്റെയും എം.എം.ലോറൻസിന്റെയും മറ്റും സാന്നിദ്ധ്യത്തിൽ ചർച്ച. തുടർന്ന് അങ്കമാലിയിലുണ്ടായ ചർച്ചയിൽ ഇടതുസ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഇ.എം.എസ് നിലപാട് പ്രഖ്യാപിക്കാൻ ധാരണ. പക്ഷേ തൊട്ടുമുമ്പ് എം.വി.രാഘവൻ പാർട്ടിയിൽ പുറത്തായതിന് നിമിത്തമായ ലീഗ് വർഗീയകക്ഷിയെന്ന നിലപാട് നിലനിൽക്കുമ്പോൾ കേരള കോൺഗ്രസിനെയും ഉൾക്കൊള്ളുന്നത് ശരിയാവില്ലെന്ന സമ്മർദ്ദം കണ്ണൂരിൽ വച്ച് ഇ.എം.എസിലുണ്ടായി. അതിനാൽ ലക്ഷ്യം നിറവേറിയില്ല. മൂവാറ്റുപുഴയിൽ സ്വതന്ത്രനായി ലോക്‌സഭയിലേക്ക് മത്സരിച്ച ജോസഫ് വിജയിച്ചില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചു.
1990ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പായപ്പോഴേക്കും ചിത്രങ്ങൾ മാറിമറിഞ്ഞു. ജോസഫ് ഇടതുമുന്നണിയുമായി സീറ്റ്ധാരണയുണ്ടാക്കി മികച്ച പ്രകടനം നടത്തി. പിന്നാലെ 10സീറ്റുമായി ഇടതുമുന്നണിയിലേക്ക് പ്രവേശനം. ജോസഫിന്റെ ഇടതുമുന്നണിയിലേക്കുള്ള വരവിന് ഇ.എം.എസിന് സൈദ്ധാന്തികന്യായമുണ്ടായിരുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കണ്ട. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും.
2011വരെ ജോസഫ് വിഭാഗം കേരള കോൺഗ്രസ് ഇടതുചേരിയുടെ അനിഷേധ്യഭാഗമായി. ആ വർഷത്തെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം മുന്നണി വിട്ട് മാണിയിൽ ലയിച്ചത് അദ്ഭുതകരമായിരുന്നു. സ്വന്തം പഞ്ചായത്തായ പുറപ്പുഴയിൽ അത്തവണ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഫലം കോൺഗ്രസിനനുകൂലമായത് അദ്ദേഹത്തിൽ മനംമാറ്റമുണ്ടാക്കിയെന്ന് കരുതുന്നവരുണ്ട്. അതല്ല കേരള കോൺഗ്രസുകൾ ഒന്നാകണമെന്ന് മാണി നേരിൽ പറഞ്ഞപ്പോൾ മനസ്സ് മാറിയതാവാം. അതുമല്ല, ക്രൈസ്തവസഭാനേതൃത്വം ഇടപെട്ടിരിക്കാം.
ഏതായാലും 2021ലെ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിയിരിക്കെ, പി.ജെ. ജോസഫ് ആണ് വീണ്ടും താരം. രാഷ്ട്രീയക്ഷീണമുണ്ടാക്കുമെന്നതിനാൽ കോൺഗ്രസ് ജോസഫിനെ എങ്ങനെ മെരുക്കുമെന്നതും ചോദ്യം.