നാട്ടിലെത്താൻ ബൈക്ക് മോഷ്ടിച്ചു,​ പിന്നെ പാഴ്സലായി തിരിച്ചയച്ചു

Tuesday 02 June 2020 3:44 AM IST
BIKE THIEF

കോയമ്പത്തൂർ: ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ മിക്കതും അടച്ചതോടെ അവരവരുടെ നാട്ടിലേക്ക് പോകാൻ എല്ലാവഴികളും നോക്കുന്ന തൊഴിലാളികളുടെ വാർത്തകൾ ദിവസവും കാണാറുണ്ട്. നാടുപറ്റാനായി ഇറങ്ങിത്തിരിച്ചവർക്കുണ്ടായ ദുരന്തങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ ഇപ്പോഴും ചർച്ചയാണ് താനും. എങ്ങനെയും നാട്ടിലെത്തുക എന്നുള്ള ഒറ്റചിന്ത മാത്രമാണ് പലരെയും നയിക്കുന്നത്. അത്തരത്തിൽ വീട്ടിലെത്താനായി വിചിത്രമായ ഒരു രീതി സ്വീകരിച്ച തൊഴിലാളിയുടെ കഥയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി ബൈക്ക് മോഷ്ടിച്ചുകൊണ്ടാണ് തന്റെ നാട്ടിലേക്ക് മടങ്ങിയത്. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായി സുരേഷ് കുമാർ എന്നയാളുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞ് തൊഴിലാളി ഉടമയ്ക്ക് ബൈക്ക് പാർസലയച്ച് കൊടുക്കുകയും ചെയ്തു. പ്രാദേശിക പാഴ്സൽ കമ്പനി തങ്ങളുടെ ഓഫീസിലേക്ക് വരാൻ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോൾ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെൻഡർ ബൈക്ക് പാർസൽ കമ്പനിയുടെ ഗോഡൗണിൽ കിടക്കുന്നതാണ് സുരേഷ് കണ്ടത്.

അന്വേഷണങ്ങൾക്ക് ഒടുവിൽ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രദേശത്തെ ചായക്കടയിൽ ജോലി ചെയ്യുന്ന യുവാവാണ് മോഷണത്തിന് പിന്നിലെന്ന് ബോദ്ധ്യപ്പെട്ടു. പേ അറ്റ് ഡെലിവറി വഴിയാണ് ബൈക്ക് പാഴ്സലയച്ചത്. വാഹനം തിരിച്ചുകിട്ടാൻ സുരേഷിന് ആയിരം രൂപ പാർസൽ ചാർജ്ജ് കൊടുക്കേണ്ടിവന്നു. 1000 പോയാലെന്താ,​ വണ്ടി തിരികെ കിട്ടിയല്ലോ എന്നാണ് ഉടമയുടെ ആശ്വാസം.