വിമാനത്തിൽ മദ്ധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടും:വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വിമാനത്തിൽ മദ്ധ്യഭാഗത്തെ സീറ്റ് ഒഴിച്ചിട്ട് സർവീസ് നടത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. അടുത്തടുത്ത സീറ്റുകളിൽ യാത്രക്കാരെ ഇരുത്താൻ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണിത്. നാളെ (3ന്) മുതൽ നിർദേശം പ്രാബല്യത്തിൽ വരും. രാജ്യത്തെ ആഭ്യന്തര യാത്രകൾക്കായാണ് ഈ നിർദേശം.
അടുത്തടുത്ത മൂന്ന് സീറ്റുകളിൽ മദ്ധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടണം. എന്നാൽ അടിയന്തര ഘട്ടത്തിൽ മാസ്കും മുഖത്തെ ഷീൽഡും ഗൗണും യാത്രക്കാർക്ക് നൽകി സീറ്റിൽ യാത്ര അനുവദിക്കാമെന്നും വ്യോമയാന മന്ത്രാലയം ഡയറക്ടർ ജനറൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആഗസ്റ്റിന് മുമ്പ് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അനുവദിച്ച വിമാന സർവീസിൽ സാമ്പത്തിക പ്രതിസന്ധിയിൽ സീറ്റുകൾ ഒഴിച്ചിടാൻ സാധിക്കില്ലെന്നായിരുന്നു നേരത്തേ വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്.
വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിൽ നിന്ന്
യാത്രക്കാരെ പരമാവധി മദ്ധ്യഭാഗത്തെ സീറ്റുകളിൽ ഇരുത്തരുത്
ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് അടുത്തടുത്ത സീറ്റിലിരിക്കാം
ഫേസ് മാസ്കും ഗൗണും വിമാനക്കമ്പനി നിർബന്ധമാക്കണം
ആഹാരമോ വെള്ളമോ വിമാനത്തിനുള്ളിൽ നൽകില്ല
ഓരോ യാത്രയ്‌ക്ക് ശേഷവും വിമാനം അണുവിമുക്തമാക്കും
വിമാന ജീവനക്കാർക്ക് ആരോഗ്യ പരിശോധന നടത്തണം
ജീവനക്കാർക്ക് സുരക്ഷാ വസ്ത്രം അടക്കം നൽകണം