നേപ്പാളിന്റെ ഭൂപട പരിഷ്കരണം: എതിർപ്പറിയിക്കാൻ ഇന്ത്യ
കാഠ്മണ്ഡു: കാലാപാനി, ലിംപിയാധുരെ, ലിപുലേഖ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള നേപ്പാളിന്റെ നീക്കത്തിൽ വിയോജിപ്പറിയിക്കാൻ ഇന്ത്യ. ഭൂപട പരിഷ്കരണത്തിനുള്ള ഭരണഘടനാഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കാനിരിക്കെയാണിത്. ലിപുലേഖ് 1991ലെ ഉടമ്പടി പ്രകാരം ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന അതിർത്തി വ്യാപാര കേന്ദ്രമാണെന്ന വസ്തുത നേപ്പാൾ അവഗണിക്കുന്നതായാണ് ഇന്ത്യയുടെ പരാതി. പ്രധാന പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോൺഗ്രസിന്റെ പിന്തുണ ഉറപ്പായതിനാൽ കമ്മ്യൂണിസ്റ്റ് സഖ്യകക്ഷി സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാകും. സാധാരണ ഗതിയിൽ ഒരു മാസമെടുക്കുന്ന നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കി പത്തുദിവസത്തിനുള്ളിൽ ബിൽ പാസാക്കാനാണ് നേപ്പാൾ ഗവൺമെന്റിന്റെ ശ്രമം. ഇന്ത്യ കൈലാസ് മാനസസരോവർ യാത്രയ്ക്കായി ഉത്തരാഖണ്ഡിലെ ധർച്ചുലയിൽ നിന്ന് ലിപുലേഖിലേക്ക് 80 കിലോമീറ്റർ റോഡ് തുറന്നതിന് പിന്നാലെയാണ് നേപ്പാൾ പ്രകോപനം തുടങ്ങിയത്. റോഡ് നിർമാണം അധീനതയിലുള്ള പ്രദേശത്ത് കൂടിയാണെന്നാണ് നേപ്പാളിന്റെ അവകാശവാദം.