കണ്ണില്ലാത്ത ക്രൂരത, കൊവിഡ് കാരണം വ്യാപാരത്തിൽ ഭീമമായ നഷ്ടം,​ ആയിരക്കണക്കിന് പന്നികളെ പുകച്ചു കൊന്നു

Tuesday 02 June 2020 10:21 AM IST

കൊവിഡ് 19 ന്റെ വ്യാപനത്തോടെ മാംസ വ്യാപാരത്തിൽ നഷ്ടം നേരിടുന്നതിനെ തുടർന്ന് അമേരിക്കയിലെ അയോവയിൽ ആയിരക്കണക്കിന് പന്നികളെ പുകച്ച് കൊന്നു. മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഡയറക്റ്റ് ആക്ഷൻ എവരിവെയർ എന്ന സംഘടന നടത്തിയ അന്വേഷണത്തിലാണ് ഈ കൊടുംക്രൂരത വെളിവായത്.

അയോവയില ഏറ്റവും വലിയ പന്നിവളർത്തൽ കേന്ദ്രമായ സെലക്ട് ഫാമിലാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്.വെന്റിലേഷൻ ഷട്ട് ഡൗൺ എന്ന മാർഗം ഉപയോഗിച്ച് ആയിരക്കണക്കിന് പന്നികളെ കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.വായു കടക്കാത്തവിധം വെന്റിലേഷൻ സംവിധാനങ്ങൾ സീൽ ചെയ്ത മുറിയിൽ പന്നികളെ പ്രവേശിപ്പിച്ച ശേഷം ഉഷ്ണ വായു അകത്തേക്ക് കടത്തിവിട്ടു. കൂടുതൽ ചൂട് ഉള്ളിലേക്ക് കടത്തി വിടുന്നതോടെ പന്നികൾ ശരീരം വെന്ത് ശ്വാസം മുട്ടി ചത്തൊടുങ്ങും.

സെലക്ട് ഫാമിലെ പന്നികളെ അടച്ചിട്ട മുറിയിലേക്ക് 140 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ ചൂട് കയറ്റി വിട്ടതായാണ് പറയുന്നത്.എന്നാൽ വെന്റിലേഷൻ ഷട്ട്ഡൗൺ നടത്തിയ ശേഷവും ചുരുക്കം ചില പന്നികൾ ജീവനോടെ ഉണ്ടായിരുന്നു..അവയെ ഫാമിലെ ജോലിക്കാർ വെടിവെച്ചു കൊല്ലുന്നതായും ദൃശ്യങ്ങളിലുണ്ട് . ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് അന്വേഷണം നടത്തിയ സംഘടനയ്ക്ക് ലഭിച്ചത്