ഉത്രകൊലക്കേസ് ചോദ്യം ചെയ്യൽ തുടരുന്നു, സൂരജിന്റെ അമ്മയും സഹോദരിയും പ്രതികളായേക്കും

Tuesday 02 June 2020 4:30 PM IST

തിരുവനന്തപുരം - അഞ്ചലിൽ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയ്ക്ക് സ്ത്രീധനമായും കുഞ്ഞിന് നൂല് കെട്ടിനും ലഭിച്ച സ്വർണത്തിൽ വീട്ടുകാർ കുഴിച്ചിട്ട 37.5 പവൻ സ്വർണം അന്വേഷണ സംഘം കണ്ടെത്തി. സൂരജിന്റെ അടൂരിലെ വീടിന്റെ സമീപത്തെ റബ്ബർ തോട്ടത്തിൽ രണ്ട് സ്ഥലങ്ങളിലായാണ് കുഴിയെടുത്തശേഷം സ്വ‌ർണ്ണം അതിനുള്ളിലിട്ട് മൂടിയത്. ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ സ്ത്രീധനമായി ലഭിച്ച സ്വർണം തിരികെ കൊടുക്കേണ്ടിവരികയോ വീട്ടിനുള്ളിൽ നിന്ന് പൊലീസ് റിക്കവറിചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കാനും തെളിവ് നശിപ്പിക്കാനും വേണ്ടിയാണ് ആഭരണങ്ങൾ കുഴിച്ച് മൂടിയതെന്ന് സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ പൊലീസിനോട് സമ്മതിച്ചു. സൂരജിന്റെ പേരിൽ ബാങ്ക് ലോക്കറിലിരുന്ന സ്വർണമായിരുന്നു ഇത്. സംഭവശേഷം ബാങ്ക് ലോക്കറും വീട്ടിലെ അലമാരകളും പൊലീസ് പരിശോധിക്കുമെന്ന് മുൻകൂട്ടിക്കണ്ട് ഭാര്യയും മകളുമായി ആലോചിച്ചാണ് ആഭരണങ്ങൾ കുഴിച്ച് മൂടിയതെന്ന് ഇയാൾ വെളിപ്പെടുത്തി. ഉത്രയെ കൊലപ്പെടുത്തിയത് അച്ഛന്റെ അറിവോടെയായിരുന്നുവെന്ന സൂരജിന്റെ മൊഴിയിലാണ് സുരേന്ദ്രപ്പണിക്കരെ കഴിഞ്ഞദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

സൂരജിന്റെയും സുരേന്ദ്രപണിക്കരുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയേയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിലും ആസൂത്രണത്തിലും സൂരജിന് രക്ഷപ്പെടാൻ പഴുതുകളൊരുക്കിയതിലും തെളിവ് നശിപ്പിച്ചതിലും ഇവർക്ക് ഇരുവർക്കും പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സൂരജിന്റെ സഹോദരിക്ക് ടൂവീല‌ർ വാങ്ങാൻ ആവശ്യപ്പെട്ട പണം ഉത്രയുടെ വീട്ടുകാർ നൽകാൻ കൂട്ടാക്കാതിരുന്നതാണ് ഉത്രയോട് വൈരാഗ്യം കൂടാൻ കാരണമായതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുൾപ്പെടെ ഉത്രയുടെ കൊലപാതകവുമായും ആദ്യതവണത്തെ കൊലപാതകശ്രമവുമായും ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഇവരിൽ നിന്ന് വിശദമായി അന്വേഷണ സംഘം ചോദിച്ചറിയും. ഉത്ര കൊലപാതകകേസിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന് ഉത്രയുടെ കുടുംബം ആവർത്തിച്ച് വെളിപ്പെടുത്തുന്നതിനിടെ കേസിൽ ഇരുവരും പ്രതിചേ‌ർക്കപ്പെടുമെന്ന് തന്നെയാണ് കരുതേണ്ടത്.

സുരേന്ദ്രപ്പണിക്കരുടെ അറസ്റ്റോടെ ഉത്രക്കേസ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. കൊലപാതകത്തിലെ ഗൂഢാലോചനയിലും സ്വർണം ഒളിപ്പിക്കുന്നതിലും ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിലും സൂരജിന്റെ വീട്ടുകാരും കൂട്ടുനിന്നുവെന്ന ഉത്രയുടെ കുടുംബത്തിന്റെ പരാതി ശരിവയ്‌ക്കുന്നതിലേക്കാണ്‌ അന്വേഷണം നീളുന്നത്‌.

സുരേന്ദ്രപ്പണിക്കരെ അന്വേഷകസംഘം തിങ്കളാഴ്‌ച രാത്രിയാണ്‌ പറക്കോട്ടെ വീട്ടിൽനിന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌. സൂരജ്‌ പാമ്പിനെ വിലയ്‌ക്കുവാങ്ങിയത്‌ അറിയാമെന്ന ബന്ധുവിന്റെ മൊഴിയും നിർണായകമാണ്‌. കൊല്ലം റൂറൽ കൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ ചോദ്യംചെയ്‌താണ്‌ അച്ഛനെ അറസ്റ്റ്‌‌ ചെയ്‌തത്‌. സൂരജിന്റെ പറക്കോട്ടെ വീട്ടിൽ വിരലടയാളം–- ഫോറൻസിക്‌ വിദഗ്‌ധർ ഉൾപ്പെടെയുള്ള അന്വേഷകസംഘം വിശദമായ പരിശോധന നടത്തി. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ മുറിയും പരിശോധിച്ചു.

ബാങ്ക്‌ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം മാർച്ച്‌ രണ്ടിനാണ്‌‌ സൂരജ്‌ എടുത്തത്‌. അന്നു‌ രാത്രിയിലാണ്‌ ഭർതൃഗൃഹത്തിൽ ഉത്രയെ ആദ്യമായി പാമ്പുകടിച്ചതും. തുടർന്ന്‌ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽനിന്ന്‌ 12 പവന്റെ ആഭരണങ്ങളും സൂരജ്‌ ഊരിയെടുത്തതായും പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. അഞ്ചൽ ഏറം വെള്ളശ്ശേരിൽ വീട്ടിൽ ഉത്രയെ മെയ്‌ ഏഴിനു‌ രാവിലെയാണ്‌ ഏറത്തെ വീടിനുള്ളിൽ പാമ്പുകടിയേറ്റ്‌ മരിച്ചനിലയിൽ കണ്ടത്‌.