പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ജനപ്രീതിയിൽ മുന്നിൽ,​ സര്‍വേ ഫലം പുറത്ത്

Wednesday 03 June 2020 12:13 AM IST

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും ജനപ്രീതി അറിയാന്‍ നടത്തിയ സർവേ ഫലം പുറത്ത്. ടൈംസ് ഓഫ് ഇന്ത്യ സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ മുന്നില്‍. സര്‍വേയില്‍ പങ്കെടുത്ത 82.96 ശതമാനം ഒഡീഷക്കാരും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കി. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ജനപ്രീതിയില്‍ രണ്ടാമതെത്തി. 81.06 ശതമാനം പേർ ബാഗലിനെ പിന്തുണച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ മൂന്നാമത്. 80.28 പേര്‍ പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി അറിയിച്ചു.

58.36 ശതമാനം പേർ നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായി പിന്തുണച്ചു. രാഹുല്‍ ഗാന്ധിയോ നരേന്ദ്ര മോദിയോ എന്ന ചോദ്യത്തിന് 66.2 ശതമാനം പേരും മോദിയെ തിരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിക്ക് 23.21 ശതമാനമാണ് പിന്തുണ. 16.71 ശതമാനം പേര്‍ നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലെന്ന് രേഖപ്പെടുത്തി.

മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലും ബി..ജെ..പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇല്ല. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലെ ആദ്യ പത്തിലും കേരളം ഇല്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢിലെ 92.73 ശതമാനം പേരും കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി.

മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ജഗമോഹന്‍ റെഡ്ഡി നാലാമതും ഉദ്ധവ് താക്കറെ അഞ്ചാമതും അരവിന്ദ് കെജ്ഡര്വാള്‍ ആറാമതുമാണ്. ജനപ്രീതി കുറഞ്ഞ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ മനോഹര്‍ലാല്‍ ഘട്ടര്‍, ടി.എസ്.. റാവത്ത്, അമരീന്ദര്‍ സിംഗ്, നിതീഷ് കുമാര്‍ എന്നിവരാണ് മുന്നില്‍. മമതാ ബാനര്‍ജി ഒമ്പതാമതാണ് . കേരളം, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മോദിയേക്കാള്‍ കൂടുതല്‍ ജനപ്രീതി രാഹുല്‍ഗാന്ധിക്ക് ലഭിച്ചു. ഓരോ സംസ്ഥാനത്ത് നിന്നും 3000 പേര്‍ വീതമാണ് സര്‍വേയില്‍ പങ്കെടുത്തത്.