യു.എ.ഇ പഴയ രീതിയിലേക്ക് തിരിച്ചുവരുന്നു, മാളുകളും സ്വകാര്യസ്ഥാപനങ്ങളും തുറന്നു
അബുദാബി: യു.എ.ഇയിൽ ഷോപ്പിംഗ് മാളുകളും സ്വകാര്യമേഖല സ്ഥാപനങ്ങളും പ്രവർത്തിച്ചുതുടങ്ങി. 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാമെന്ന ദുബായ് പ്രതിസന്ധിദുരന്ത നിവാരണ ഉന്നത സമിതി യുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രവർത്തനം തുടങ്ങിയത്. രാവിലെ 6 നും രാത്രി 11 നും ഇടയിലാണ്. പൊതുജന സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ഈ സമയങ്ങളിലാണ് മാളുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുക.
യു.എ.ഇയിൽ കൊവിഡ് തീവ്രത കുറയുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത്.കഴിഞ്ഞ ദിവസം 600 ൽ താഴെമാത്രമാണ് പുതിയ കൊവിഡ് രോഗികളുണ്ടായത്. ചൊവ്വാഴ്ച 596 ആയിരുന്നു പുതിയ കൊവിഡ് കേസുകൾ.
35,000 ത്തിലേറെ പുതിയ കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ 596 രോഗികളെ കണ്ടെത്തിയത്.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 35,788 ആയി. പകുതിയിലേറെപ്പേർക്ക് രോഗം ഭേദമായി. 18,726 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 16,793 പേരാണ് ചികിത്സയിലുള്ളത്. യു.എ.ഇ യിൽ 2 ദശലക്ഷത്തിലധികം കൊവിഡ് ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം 650,000 ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.