കൊവിഡ് സിക്കിമിനെയും വിടുന്നില്ല, രോഗികളുടെ എണ്ണം രണ്ടായി
ഗാങ്‌ടോക്ക്: ഒടുവിൽ സിക്കിമിനെയും കൊവിഡ് വെറുതേ വിടുന്നില്ല.കൊവിഡിനെ നാലയലത്ത് അടുപ്പിക്കാതിരുന്ന കൊവിഡ് മുക്ത സംസ്ഥാനമായിരുന്ന സിക്കിമിൽ കഴിഞ്ഞ മാസം 25നാണ് ആദ്യ രോഗിയുണ്ടായത്. എങ്കിലും രോഗം മറ്റാരിലും കാണാതിരുന്നത് ആശ്വാസമായി കരുതി. ഇപ്പോഴിതാ മറ്റൊരാൾക്ക് കൂടി കൊവിഡ് ബാധിച്ചിരിക്കുന്നു.
രണ്ടാമത്തെ രോഗി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ആളാണ്. രോഗലക്ഷണങ്ങളൊന്നുമില്ല.രണ്ട് രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവാണ്. രണ്ട് പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.
ക്വാറന്റൈൻ ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിഴക്കൻ സിക്കിമിൽ ഒരു ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണിവർ. നിശബ്ദമായിട്ടാണ് കൊവിഡ് സിക്കിമിൽ കടന്നിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാതെ വന്നതുകൊണ്ട് കൂടുതൽ പേരിലേക്ക് രോഗം ബാധിക്കുമോ എന്ന ആശങ്കയിലാണ്.