'ഏലക്കാ ലേലം പൂർണതോതിൽ പുനസ്ഥാപിക്കണം'

Thursday 04 June 2020 12:24 AM IST

കട്ടപ്പന: സ്‌പൈസസ് ബോർഡിന്റെ ഏലക്ക ഇ-ലേലം പ്രതിദിനം രണ്ടെണ്ണമാക്കി പുനസ്ഥാപിക്കണമെന്ന് ഉടുമ്പൻചോല എസ്‌റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. ജില്ലയിൽ താമസ സൗകര്യവും തോട്ടങ്ങളുമുള്ള തമിഴ് കർഷകർക്ക് നിബന്ധനകൾക്ക് വിധേയമായി ഇവിടേയ്ക്ക് വരാനുള്ള സൗകര്യമൊരുക്കണം. മറ്റു തോട്ടമുടമകൾക്ക് ആഴ്ചയിലൊരിക്കൽ തോട്ടത്തിൽ വന്നുപോകാനുള്ള അനുമതി നൽകണം. രോഗമില്ലെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന തമിഴ് തൊഴിലാളികൾക്ക് തോട്ടത്തിൽ താമസിച്ച് ജോലി ചെയ്യാൻ അനുവദിക്കണം. തമിഴ്‌നാട്ടിലും ലേലം പുനരാരംഭിച്ച സാഹചര്യത്തിൽ മുമ്പ് ഉണ്ടായിരുന്നതുപോലെ പ്രതിദിനം രണ്ടുലേലം നടത്താൻ സൗകര്യമൊരുക്കണം. കർഷകരുടെ പക്കൽ വൻതോതിൽ ഏലക്ക കെട്ടിക്കിടക്കുകയാണ്. ചില ലേല ഏജൻസികളും വൻകിട വ്യാപാരികളും കർഷകരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾ എത്തിയെങ്കിൽ മാത്രമേ വിൽപന കൂടുകയുള്ളൂ. വിഷയങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, കൃഷിമന്ത്രി, കലക്ടർ, സ്‌പൈസസ് ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകിയതായും പ്രസിഡന്റ് സി.കെ. കൃഷ്ണൻകുട്ടി, ജനറൽ സെക്രട്ടറി വി.കെ. ധനപാൽ, കെ.കെ. സജീവ്കുമാർ എന്നിവർ അറിയിച്ചു.