ആവശ്യമില്ലാതെ അവിടെ കയറി കളിച്ചാൽ ഞങ്ങൾ ഇടപെടും: ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ബ്രിട്ടൺ

Thursday 04 June 2020 1:27 PM IST

ലണ്ടൻ: ചൈനയ്ക് അഹങ്കാരമാണാ കഷ്ടകാലമാണോ എന്നറിയില്ല. തൊടുന്നതെല്ലാം കുഴപ്പത്തിൽ ചെന്ന് ചാടുകയാണ്. അമേരിക്കക്കെതിരെ കൊമ്പുകോർത്തു. ജി.7 ഉച്ചകോടിക്കെതിരെ ഹാലിളകുന്നു. അതിർത്തിയിൽ ഇന്ത്യക്കെതിരെ പടയൊരുക്കം നടത്തുന്നു. കൊവിഡിനെ തുറന്നുവിട്ടതിൻെറ പേരിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ മ്ളേച്ചിച്ച് നിൽക്കുന്നു. ഇപ്പോഴിതാ ബ്രിട്ടൻെറ കൊട്ടും. ഹോങ്കോംഗിനെ തൊട്ടാൽ കളി മാറുമെന്നാണ് ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമങ്ങൾ കൊണ്ട് ഹോങ്കോംഗിനെ ശ്വാസം മുട്ടിക്കാൻ ഒരുങ്ങുകയാണ് ചൈന.

ചൈനയുടെ നിയമങ്ങൾ ഹോങ്കോംഗിൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് രംഗത്ത് എത്തിയിരിക്കുന്നത്. . ഹോങ്കോംഗ് ഇന്നത്തെ നിലയിലെത്താൻ കാരണം സ്വതന്ത്ര അന്താരാഷ്ട്ര സമൂഹമായി ജീവിച്ചതിനാലാണ്. അവിടെ ആവശ്യമില്ലാതെ ചൈന കയറി കളിച്ചാൽ ഞങ്ങൾ എല്ലാ പിൻതുണയും നൽകുമെന്ന് ബോറീസ് ജോൺസൺ വ്യക്തമാക്കി.

ചൈനയുടെ നീക്കം എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതും അന്താരാഷ്ട്ര സമൂഹങ്ങളെ അപമാനിക്കുന്നതുമാണ്. ഹോങ്കോംഗ് നിവാസികൾക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ആവശ്യമെങ്കിൽ ഹോങ്കോംഗിലെ 30 ലക്ഷം പൗരന്മാർക്ക് ബ്രിട്ടൺ പൗരത്വം നൽകാൻ തയ്യാറാണെന്നും ജോൺസൻ അറിയിച്ചു. ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ഉഭയകക്ഷി സമ്മതത്തോടെ സ്വതന്ത്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. ഇതിൽ 50 വർഷത്തേക്ക് ഭരണപരമോ സൈനിക പരമോ ആയ ചൈനയുടെ ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും ഉഭയകക്ഷി തീരുമാനത്തിലുണ്ട്. അതിനെയാണ് ചൈന അട്ടിമറിക്കുന്നതെന്ന് ബോറീസ് ജോൺസൺ പറഞ്ഞു.

എന്നാൽ കടുത്ത ഭാഷയിലാണ് ചൈന ബ്രിട്ടനെ വിമർശിച്ചത്. ചൈനയുടെ ആഭ്യന്തരകാര്യത്തിലുള്ള അനാവശ്യ ഇടപെലാണ് ബ്രിട്ടൺ നടത്തിയത്. ഹോങ്കോംഗ് വിഷയത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.