ഒരു ജില്ലയെ മാത്രം ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുന്നവരെയോർത്ത് ലജ്ജ തോന്നുന്നുവെന്ന് പാർവതി
മനേക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി നടി പാർവതി തിരുവോത്ത് രംഗത്ത് . മൃഗങ്ങൾക്കെതിരേയുള്ള ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും ഈ വിഷയത്തിൽ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുന്നവരെക്കുറിച്ചോർത്ത് ലജ്ജ തോന്നുവെന്നും പാർവതി ട്വീറ്റിലൂടെ പറഞ്ഞു.
"മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം പൈശാചിക ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇത് ക്രിമിനൽ കുറ്റം തന്നെയാണ്. എന്നാൽ, ഈ വിഷയത്തിൽ ഒരു ജില്ലയെ മാത്രം ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രചാരണങ്ങളിൽ ലജ്ജ തോന്നുന്നു," പാർവതി ട്വീറ്റ് ചെയ്‌തു. ആനക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സിനിമാ-ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ആനയെ ക്രൂരമായി കൊന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധി നടത്തിയ ആരോപണം. സംസ്ഥാന വനം വകുപ്പ് മന്ത്രി വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും മനേക ഗാന്ധി ആവശ്യമുയർത്തിയിരുന്നു.
തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാർപ്പുഴയിൽ കാട്ടാനയെ മേയ് 25-ന് രാവിലെയാണ് അവശനിലയിൽ കണ്ടെത്തിയത്. മേയ് 27-നാണ് 15 വയസ്സ് തോന്നിക്കുന്ന പിടിയാന ചരിഞ്ഞത്. ആനയുടെ മേൽത്താടിയും കീഴ്ത്താടിയും ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തകർന്നിരുന്നു. എന്നാൽ അവശനിലയിൽ കഴിഞ്ഞിരുന്ന ആനയെ ചികിത്സ നല്‍കാനായി പുറത്തേക്കുകൊണ്ടുവരാനായി രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നെങ്കിലും വെള്ളത്തിൽ നില്‍ക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് നാലോടെ ആന ചരിയുകയായിരുന്നു.