(റീക്യാപ് ഡയറി )​ സംഭവ ബഹുലമായ ആഴ്ച

Sunday 07 June 2020 4:30 AM IST

കൊവിഡ് രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കേരളത്തിന് കഴിഞ്ഞയാഴ്ച ചർച്ച ചെയ്യാനുണ്ടായിരുന്നത് മറ്റുപല വാർത്തകളുമായിരുന്നു. പാലക്കാട്ട് തേങ്ങാപ്പടക്കം പൊട്ടി ഗർഭിണിയായ ആന ചരിഞ്ഞ സംഭവം ലോകമാദ്ധ്യമങ്ങൾ പോലും ഏറ്റെടുത്തു.മദ്യവുമായി ബന്ധപ്പെട്ട് മാത്രം നിരവധി കൊലപാതകങ്ങളാണ് ഒരാഴ്ചയ്ക്കിടെയുണ്ടായത്. ഇത്രയും സംഭവബഹുലമായ ഒരാഴ്ച മറ്റെന്തിനെക്കുറിച്ചും ചർച്ച ചെയ്തിട്ട് കാര്യമില്ല.

അ..ആന.. ആന പഠിപ്പിച്ച പാഠം

മണ്ണാർക്കാട് തിരുവിഴാംകുന്ന് വനമേഖലയിൽ തേങ്ങാപ്പടക്കം പൊട്ടി 15 വയസുള്ള ഗർഭിണിയായ ആന ചരിഞ്ഞ സംഭവം ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഓരോ മലയാളിയും വായിച്ചത്. നിലമ്പൂർ വനമേഖലയിലെ സെക്‌ഷൻ ഓഫിസറായ മോഹൻ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറം ലോകമറിഞ്ഞത്. ഗർഭകാലത്തിന്റെ തുടക്കമായതിനാൽ വയറ്റിലുള്ള കുഞ്ഞിനും കൂടി വേണ്ട രീതിയിൽ ഭക്ഷണം ലഭിക്കുന്നതിനു വേണ്ടിയാവണം പിടിയാന നാട്ടിലിറങ്ങിയത്. കാട്ടുപന്നികളെ കുടുക്കാനായി പടക്കം നിറച്ചു വച്ചിരുന്ന തേങ്ങ കഴിക്കാൻ ശ്രമിച്ചതോടെ പിടിയാനയുടെ നാവിനും തുമ്പിക്കൈക്കുമെല്ലാം പൊള്ളലേറ്റു. പൊള്ളലിൽ നിന്ന് അല്പം ആശ്വാസം തേടിയാവണം ആന വെള്ളിയാർ പുഴയിൽ ഇറങ്ങിയത്.സംഭവം അതിദാരുണമാണെങ്കിലും പാട്ടകർഷകരുടേയോ അവരുടെ സഹായിയിലോ മാത്രമായി കുറ്റം ചുമത്താനാകുമോ?​ മലയോരമേഖലകളിൽ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടു മൃഗങ്ങളെ തുരത്താൻ സ്പോടക വസ്തുക്കൾ വയ്ക്കുന്നത് പതിവാണത്രേ.ഇതൊക്കെ അറിഞ്ഞിട്ടും വനംവകുപ്പുകാർ ഇത്രയും കാലം എവിടെയായിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ കർഷകർക്ക് എന്തൊക്കെ സഹായങ്ങളാണ് സർക്കാർ ചെയ്യുന്നത്.പരിക്കേറ്റ് ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിത്തിരിഞ്ഞ ആനയ്ക്ക് ചികിത്സ നൽകിയതിൽ വനംവകുപ്പുകാർ വീഴ്ച വരുത്തിയെന്നും പറയുന്നു. ഇതൊക്കെ സത്യമാണെങ്കിൽ ആ മൂന്ന് പേരിൽ മാത്രം ഒതുങ്ങുന്നതാണോ കുറ്റം.ചിന്തിക്കണം.

 അമ്മയിലേക്കുള്ള ദൂരം

ലോക്ക് ഡൗണിൽ ബംഗളുരുവിൽ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളിയായ സൽമാൻ ഖാൻ എന്ന ഇരുപത്തിമൂന്നുകാരൻ അമ്മയെ കാണാനായി രണ്ടായിരം കിലോമീറ്റർ നടന്ന് ഉത്തർപ്രദേശിലെ വീട്ടിലെത്തിയതും തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ചതും ഞെട്ടലോടെയാണ് നാം വായിച്ചത്. മകന്റെ വിയോഗം താങ്ങാനാവാതെ ആ അമ്മ കിടപ്പിലുമായി.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സൽമാൻ യു. പിയിലെ ഗൊണ്ട ജില്ലയിലെ ധനേപൂർ ഗ്രാമത്തിൽ നിന്ന് തൊഴിൽ​ തേടി ബംഗളുരുവിൽ എത്തിയത്. അവിടെ നിർമ്മാണത്തൊഴിലാളിയായി. വീട്ടിലേക്ക് പതിവായി കാശയച്ചിരുന്നതായി കൂട്ടുകാർ പറയുന്നു. അപ്രതീക്ഷിതമായ ലോക്ഡൗണിൽ കുടുങ്ങിപ്പോകുകയായിരുന്നു.ഇതിനിടയ്ക്ക് നാട്ടിലേക്ക് പോകാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ശ്രമം വിഫലമായി. പൊലീസ് ചൂരൽ കൊണ്ട് അടിക്കുകയും നാല് ദിവസം കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു.ഒടുവിലാണ് നടക്കാൻ തീരുമാനിച്ചത്.മേയ് 12ന് നടക്കാൻ തുടങ്ങിയ സൽമാൻ 26ന് വൈകിട്ട് 5 മണിക്കാണ് വീട്ടിലെത്തിയത്.

തങ്കു പൂച്ചേ മിട്ടു പൂച്ചേ.

എന്റെ തങ്കു പൂച്ചേ... മിട്ടു പൂച്ചേ... ഇനി എല്ലാവരും ഒരുമിച്ചു നീട്ടി വിളിച്ചേ...തങ്കു പൂച്ചേ...’ ഓൺലൈൻ ക്ലാസിന്റെ ആദ്യ ദിവസം കുട്ടികളുടെ മനസിൽ ചേക്കേറിയ സായി ശ്വേത എന്ന അദ്ധ്യപിക കഴിഞ്ഞയാഴ്ചയിലെ താരമായിരുന്നു.

അതേസമയം ഓൺലൈൻ ക്ളാസ് എടുത്ത അദ്ധ്യാപകരെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചത് കണ്ണൂർ, എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ആറ് പ്ലസ്ടു, പ്ലസ് വൺ വിദ്യാർത്ഥികളായിരുന്നു എന്നത് കേരളത്തിന് തന്നെ അപമാനമായി.

നൊമ്പരമായി ദേവിക

ഓൺലൈൻ പഠനം മുടങ്ങിയ വിഷമത്തിൽ ആത്മഹത്യ ചെയ്ത മലപ്പുറത്തെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥി ദേവികയുടെ മരണം വേദനിപ്പിക്കുന്ന ഒരു ഓർമ്മയാണ്. ഇനി ഒരു കുട്ടിക്കും ഇങ്ങനെയൊരു ഗതി വരരുത്.

സൈക്കോ കില്ലർ ബിലാൽ

കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊല്ലുകയും ഭർത്താവിനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത മുഹമ്മദ് ബിലാൽ എന്ന ഇരുപത്തി മൂന്നുകാരൻ സിനിമകളിൽ പോലും കാണാത്ത ഒരു സൈക്കോ കില്ലറാണ്. പണം ചോദിച്ചപ്പോൾ നൽകാത്തതിനാണ് ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തി ഷോക്കേല്പിച്ച ശേഷം സ്വർണവും പണവും മോഷ്ടിച്ച് കാറിൽ

രക്ഷപ്പെട്ടത്. പുലർച്ചെ വരെ പബ്ജി കളിക്കുന്ന,​ഇടയ്ക്കിടെ നാടുവിട്ടു പോകാറുള്ള ഒരു പ്രത്യേക സ്വഭാവക്കാരനാണ് ബിലാലെന്നാണ് നാട്ടുകാർ പറയുന്നത്.പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബന്ധുക്കൾ വാദം ഉന്നയിച്ചെങ്കിലും അതെല്ലാം പൊലീസ് തള്ളിക്കളഞ്ഞു.