നെയ്യാർഡാം ആശുപത്രിയിലെ കെട്ടിടനിർമാണം ലോക്കിൽ..!
കാട്ടാക്കട: കള്ളിക്കാട് പഞ്ചായത്തിലെ നെയ്യാർഡാം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (കള്ളിക്കാട് ന്യൂ) പുതിയ മന്ദിരനിർമാണം നിലച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായി എൻ.ആർ.എച്ച്.എം ഫണ്ടും കള്ളിക്കാട് പഞ്ചായത്തിന്റെ എട്ട് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം. സൗകര്യമുള്ള കെട്ടിടം ഇല്ലാത്തതിനാൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഇ.സി.ജി ഉൾപ്പെടെയുള്ളവ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയ ആരോഗ്യ ഗുണനിലവാര പരിശോധനയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്. ഇതോടൊപ്പം എം.എൽ.എ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കാൻ അനുമതിയായ കെട്ടിടത്തിന്റെ നിർമാണവും ആരംഭിച്ചിട്ടില്ല. കള്ളിക്കാട് പഞ്ചായത്തിൽ മറ്റ് ആശുപത്രികൾ ഇല്ലാത്തതിനാൽ നെയ്യാർ - അഗസ്ത്യ വനമേഖലയിലെ നൂറുകണക്കിന് ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഏക ആശ്രയമാണ് ഈ ആശുപത്രി. പ്രൈമറി ഹെൽത്ത് സെന്ററായതിനാൽ ഉച്ചവരെ മാത്രമാണ് ആശുപത്രിയുടെ പ്രവർത്തനം. എന്നാൽ ഇവിടത്തെ ഡോക്ടർമാരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും കഠിനശ്രമത്തിലൂടെ ഉയർച്ചയിലെത്തിയ ആശുപത്രി അവഗണിക്കപ്പെടുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
ദേശീയ ശ്രദ്ധ നേടിയ കേന്ദ്രം 95 ശതമാനം പോയിന്റോടെയാണ് കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം നേടിയത്. ജില്ലാ - സംസ്ഥാനതല പരിശോധനകൾക്കും എൻ.എച്ച്.എസ്.ആർ.സി നിയമിക്കുന്ന ദേശീയതല പരിശോധനകൾക്കും ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ഗവ. എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. ഈ അംഗീകാരത്തിന് 3 വർഷ കാലാവധിയാണുള്ളത്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സികൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.
പ്രതികരണം ലോക്ക് ഡൗൺ കാരണം മുടങ്ങിയ കെട്ടിടനിർമാണം ഉടൻ തുടങ്ങും. ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ തിരഞ്ഞെടുത്തിട്ടുണ്ട്.
- ജെ.ആർ.അജിത,
കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ്
നെയ്യാർഡാമിൽ സഞ്ചാരികൾ അപകടത്തിൽപ്പെട്ടാൽ എത്തിക്കേണ്ടത് ഇവിടെ
നിലവിൽ ഇ.സി.ജി ഉൾപ്പെടെയുള്ളവ പ്രവർത്തിപ്പിക്കാനാകാത്ത അവസ്ഥ
ദിനംപ്രതി ഇവിടെയെത്തുന്നത് 400 ലധികം പേർ