ഫ്ലോയിഡിനായി തെരുവിലിറങ്ങി ജസ്റ്റിൻ ട്രൂഡോയും

Saturday 06 June 2020 11:18 PM IST

ഒട്ടാവ: ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാനഡയിൽ നടന്ന വംശീയതയ്‌ക്കെതിരായ റാലിയിൽ പ്രതിഷേധക്കാർക്കൊപ്പം പങ്കുചേർന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.. പ്രതിഷേധക്കാരുടെ നടുവിൽ മുട്ടിലിരുന്നാണ് ട്രൂഡോ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇത് വ്യാപകമായി പ്രശംസിക്കപ്പെട്ടു.

'no justice no peace" എന്ന പേരിൽ സംഘടിപ്പിച്ച റാലിയിലേക്ക് കറുത്ത മാസ്‌ക് ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം അപ്രതീക്ഷിതമായാണ് ട്രൂഡോ എത്തിയത്. ഏറെ നേരം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ മൂന്ന് തവണയോളം ട്രൂഡോ നിലത്ത് മുട്ടുകുത്തിയിരുന്നു. പക്ഷേ, ട്രൂഡോ പ്രസംഗിച്ചില്ല.

ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് അമേരിക്കയുടെ പലഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിലും പ്രതിഷേധങ്ങൾ നടക്കുകയാണ്. വർണവിവേചനം അവസാനിപ്പിക്കണമെന്നും ജോർജ് ഫ്‌ളോയിഡിന് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കുചേർന്നത്. ഇതിന്റെ ഭാഗമായാണ് കാനഡ പാർലമെന്റിന് സമീപത്തെ യു.എസ് എംബസിക്ക് മുന്നിൽ വംശീയതക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.