നിലമ്പൂരിലെനായാട്ടു സംഘം:മൂന്ന് പേർ കൂടി അറസ്റ്റിൽ
നിലമ്പൂർ: നിലമ്പൂർ അകമ്പാടത്ത് നായാട്ടുസംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേർ കൂടി വനം വകുപ്പിന്റെ പിടിയിൽ. എടവണ്ണ സ്വദേശികളായ ചളിപ്പാടം കുന്നുമ്മൽ ഇർഷാദ്(27), എടവണ്ണ കുന്നുംപുറം വല്ലാഞ്ചിറ യാക്കൂബ്(24), കളത്തിൽ സഹദേവൻ(68) എന്നിവരെയുമാണ് വനം വകുപ്പ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഘത്തിൽപ്പെട്ട കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ് (49), പെരുവമ്പാടം കടമ്പോടൻ മുസ്തഫാ കമാൽ (45), നമ്പൂരിപ്പൊട്ടി പരുത്തിക്കുന്നൻ നിസാർ (38) എന്നിവരെ കഴിഞ്ഞ ദിവസം നാല് തോക്കുകളും തിരകളും പന്നിയിറച്ചിയും മൃഗവേട്ടക്ക് ഉപയോഗിക്കുന്ന സാധനസാമഗ്രികളുമായി അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതി മുസ്തഫാ കമാലിന് തോക്ക് കൈമാറിയത് നീലകണ്ഠനാണെന്നും ഇർഷാദ് തോക്ക് രൂപമാറ്റം വരുത്തുന്നതിനും നിർമിക്കുന്നതിനും വിദഗ്ധനാണെന്നും വനം അധികൃതർ പറഞ്ഞു. തന്റെ വർക്ക്ഷോപ്പിൽ വച്ചാണ് തോക്ക് രൂപമാറ്റം വരുത്തുന്നതെന്ന് ഇർഷാദ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും തിരകളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനായി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികളിൽ നാലു പേര മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആയുധ നിയമപ്രകാരം ലൈസൻസില്ലാത്ത തോക്കുകൾ സൂക്ഷിച്ചതിന് ഇവ പൊലിസിന് കൈമാറും