ജീവന്റെ നിത്യഗന്ധം
മഴനാളുകൾ കടന്നുപോകുന്നു. ആവുന്നത്ര നീർ വർഷിച്ച് ശബ്ദധാർഷ്ട്യം സൃഷ്ടിച്ചുള്ളപോക്കാണ്. കൊവിഡും മഴയുമായി വീട്ടുതടങ്കലിലായ ജനത ഇതിന്റെ ഭവിഷത്തുകൾ ആവർത്തിക്കപ്പെടരുതെന്ന് പ്രാർത്ഥിക്കുന്നു.
സ്കൂൾ തുറക്കേണ്ട കാലം. പുത്തനുടുപ്പിട്ട് മഴനീരിനെ ചവിട്ടി അച്ഛന്റെയും അമ്മയുടെയും മാമന്റെയുമൊക്കെ കൈപിടിച്ച് സ്കൂളിലെത്താൻ മുത്തുവിനും കല്ലുവിനും ലക്ഷ്മിക്കും അഭിക്കും റഷീദിനും അതുപോലെ ലക്ഷക്കണക്കിന് കുട്ടികൾക്കാവുന്നില്ല. കൊവിഡും സാമൂഹ്യ അകലവും ഒക്കെതന്നെ കാരണം. എങ്കിലും പഠനം കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു എന്നു വരുത്തുവാൻ അധികാരികൾക്ക് നിർബന്ധം. അതൊരുതരം അയഞ്ഞ ധിക്കാരം തന്നെയാണ്. ധിക്കാരമെന്ന ഇൗ കാലവൈകൃതത്തിന് ഇരകളായി 2, 61,784 കുട്ടികളുണ്ട്.
ജന്മം ദൈവപുണ്യമാകുന്നതിനുപകരം തീവ്രമായ ഒരു പീഡയായി അനുഭവിക്കേണ്ടിവന്ന കുട്ടിയാണ് ദേവിക. കണ്ടില്ലെന്ന് നടിക്കാനാവില്ല. കൊവിഡ് -19 ന്റെയും രാഷ്ട്രീയ താണ്ഡവങ്ങളുടെയും ഇരകളായിത്തീർക്കുന്ന സമകാലീന തീവ്രദുഃഖമാണാകുട്ടി.ഒരു ധ്യാനവും ഒരു അർച്ചനയും ഒരു യജ്ഞവും ഒരു കീർത്തനവും ഒരു പ്രസ്താവനയും ഒരു മുദ്രാവാക്യവും ഒരു പി.ബി തീരുമാനവും അവർക്ക് സാന്ത്വനം പകരുന്നില്ല.
ഇൗ ഒാൺലൈൻ വിദ്യാഭ്യാസം നടക്കുമ്പോൾ അതിനുതകുന്ന സൗകര്യമില്ലായ്മയുടെ ശരശയ്യയിൽ കിടക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുണ്ടീനാട്ടിലെന്ന് ചില രാഷ്ട്രീയക്കാരും വിചക്ഷണന്മാരും മുൻകൂർ അറിയിച്ചതാണ്. ആരു കേൾക്കാൻ. മൊളോയ് ദ്വീപിൽ കുഷ്ഠരോഗികളോടൊപ്പം താമസിച്ച് അവരെ ശുശ്രൂഷിച്ച ഫാ: ഡാമിയന്റെ ജീവിതചരിത്രം പഠിച്ചുവളർന്ന മുതിർന്ന ഇന്നത്തെ തലമുറയെ നോക്കി തോപ്പിൽഭാസി ചോദിച്ച ചോദ്യം ഇവിടെ ആവർത്തിക്കപ്പെടുന്നു. 'മനസിന് കുഷ്ഠം പിടിക്കുമോ?"
'ഇൗ ജന്മത്തിൽ ആരെങ്കിലും വേദനിക്കേണ്ടതുണ്ടെങ്കിൽ അത് ഞാനാണ്" എന്ന് നൂറുവർ ഷങ്ങൾക്കുമുമ്പ് സ്വാമി വിവേകാനന്ദൻ പറഞ്ഞു. അതിലെ 'ഞാൻ" എന്ന പദത്തിന് ബഹുവചനത്തിന്റെ മാനമുണ്ടായിരിക്കുന്നു. ഇന്ന്, 2020 ൽ ഇന്ത്യൻ ജനത പറയുന്നു 'അത് ഞങ്ങളാണ്." കാരണം ഒരു ടിവി നന്നാക്കികൊടുക്കാൻ പണമുണ്ടായിരുന്നെങ്കിൽ ദേവികയുടെ ശ്രീമുഖവും സംതൃപ്തിയും കണ്ട് മക്കളുടെ കൂടെ കഴിയാമായിരുന്നു എന്ന് വിലപിക്കുന്ന ഒരച്ഛനുണ്ടായിരിക്കുന്നു. ചുരുട്ടിപ്പിടിച്ച കൈലി തുണ്ടുമായി വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിൽ ഹൃദയം നുറുങ്ങിയ ഒരച്ഛൻ. പ്രവർത്തിക്കാത്ത ടെലിവിഷൻ സെറ്റിന്റെ മുമ്പിൽ അതിൽ ഇന്നതുവരെ തെളിഞ്ഞിട്ടില്ലാത്ത ഒരു വിലാപമുഖവുമായി നിൽക്കുന്ന പാവപ്പെട്ട അദ്ദേഹത്തെ മനസിൽ നിന്നാർക്കും മാറ്റാൻ കഴിയുമെന്നു തോന്നുന്നില്ല. പതിനാലുവർഷങ്ങളായി പോറ്റിവളർത്തിവന്ന പ്രതീക്ഷകളാണ് കത്തി എരിഞ്ഞത്. ദേവിക ഒരു സാധാരണ കുട്ടിയായിരുന്നെന്നു അദ്ധ്യാപികമാർ വിലയിരുത്തുമ്പോൾ ഇടറിപ്പോകുന്ന അവരുടെ സ്വരമുണ്ടല്ലോ, അത് ഇടിത്തീയായി കേരളീയന്റെ നെഞ്ചിൽ വന്നുവീഴുന്നു.
അരനൂറ്റാണ്ടിനിപ്പുറം മനുഷ്യന്റെ മസ്തിഷ്കത്തിലും ധമനികളിലും തെളിഞ്ഞുകിടക്കുന്ന ബാല്യമുഖങ്ങളുണ്ട്. വർഷങ്ങൾക്കുമുമ്പ് ദക്ഷിണ വിയറ്റ്നാമിനൊപ്പം നിന്ന് അമേരിക്കൻ സൈന്യം വിയറ്റ്നാമിൽ വർഷിച്ചുകൊണ്ടിരുന്ന നാപ്പാം ബോംബുകളുടെ ജ്വാലാഗ്രങ്ങളിൽപ്പെട്ടുപോയ ഒൻപതുവയസുകാരി പെൺകുട്ടി, കിംഷുക് വെന്തുരുകുന്ന ശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ വലിച്ചുകീറി എറിഞ്ഞിട്ട് നഗ്‌നയായി നിരത്തിലൂടെ പ്രാണനുവേണ്ടിയുള്ള പരക്കം പാച്ചിലിന്റെ ചിത്രം. അഗ്‌നിയുടെ വേഗതയെ തോൽപ്പിച്ച് അവൾക്ക് പ്രാണനെ സൂക്ഷിക്കാൻ കഴിഞ്ഞു.
ചുവന്ന ടീഷർട്ടും നിക്കറും ധരിച്ച് കടപ്പുറത്ത് ഭൂമിയെ പുണർന്നുകിടക്കുന്ന ഐലൻകുർദി എന്ന മൂന്നുവയസുകാരൻ സിറിയൻ ബാലന്റെ ചിത്രം. എല്ലാം ചലനാത്മകമായി നിലനിൽക്കുന്ന മനുഷ്യമനസുകളിലേക്കാണ് എരിതീയിലേക്ക് സ്വയം സമർപ്പിക്കപ്പെട്ട ദേവികയുടെ ചിത്രവും ചെന്നു ഇടം തേടിയിരിക്കുന്നത്. ഇതൊക്കെ ഏതെങ്കിലും ചിലരുടെ അല്ലെങ്കിൽ ഏതെങ്കിലും കുടുംബത്തിന്റെ മാത്രം സ്വകാര്യ ദുഃഖമായി ഒടുങ്ങുമെന്ന പ്രതീക്ഷ വേണ്ട. ആയുസറ്റുപോകുന്ന മഹാവ്യാധി മാറും .ഒാരോ മനുഷ്യനും അന്യോന്യം നാശ ഹേതുക്കളാവുന്ന അവസ്ഥ മാറും.. രണ്ടര ലക്ഷത്തിലധികം സ്മാർട്ട് ഫോണും ടിവിയും ഒന്നുമില്ലാതെ ഒാലപ്പുരയിലെ എല്ലാ ജീർണതകളെയും അതിജീവിച്ച് കേരളത്തിൽ പഠനത്തിനൊരുങ്ങുന്ന വളരുന്ന ജന്മങ്ങൾ ഉണ്ടെന്നറിയുക. അവർ ആത്മൈക്യം പുലർത്തുന്നത് ദേവികയോടായിരിക്കും.
9447555055.