താഴത്തങ്ങാടി കൊലക്കേസ്: ബിലാൽ ലക്ഷ്യമിട്ടത് മോഷ്ടിച്ച പണവുമായി ആസാമിലെ കാമുകിയു‌ടെ അടുത്തേയ്ക്ക് പോകാൻ

Monday 08 June 2020 12:14 AM IST

കോട്ടയം: മോഷ്ടിച്ചു കിട്ടുന്ന പണവുമായി അസാമിലെ കാമുകിയുടെ അടുത്തേയ്ക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്ന് താഴത്തങ്ങാടി കൊലക്കേസ് പ്രതി മുഹമ്മദ് ബിലാലിന്റെ മൊഴി. പൊലീസ് കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻപ് എറണാകുളത്ത് ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് അസം സ്വദേശിയായ പെൺകുട്ടിയുമായി ബിലാൽ അടുക്കുന്നത്. പിന്നീട് ഇവർ നാട്ടിലേയ്‌ക്കു മടങ്ങിയെങ്കിലും വാട്‌സ്ആപ്പിലും ഫോണിലുമായി ബന്ധം തുടർന്നു. അടുത്തിടെയായി വീട്ടിൽ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്നാണ് ബിലാൽ അസമിലേയ്‌ക്ക് പോകാൻ തീരുമാനിച്ചത്.

ഇന്നലെ പ്രതിയെയുമായി ആലപ്പുഴയിലെ ലോഡ്‌ജിലും ചെങ്ങളത്തെ പെട്രോൾ പമ്പിലും തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ ശേഷം പ്രതി ആലപ്പുഴയിലെ ലോഡ്‌ജിലേയ്‌ക്കാണ് പോയത്. അവിടെ അരമണിക്കൂറോളം ചെലവഴിച്ചു. തുടർന്ന് എറണാകുളത്ത് എത്തി ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ ബിലാൽ ജോലി തേടിയെത്തിയ മായാവി തട്ടുകടയുടെ ഉടമ കേസിലെ നിർണ്ണായക സാക്ഷിയാകും. സ്വർണവും പണവും അടക്കമുള്ളവ അവിടെ നിന്നാണ് കണ്ടെത്തിയത്. ബിലാലിനെ മൂന്നു ദിവസത്തേയ്‌ക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.