ആസ്ട്രേലിയയിൽ സ്രാവിന്റെ കടിയേറ്റ് 60കാരൻ മരിച്ചു
സിഡ്‍നി: ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സ്രാവിന്റെ കടിയേറ്റ് 60 വയസുള്ള സർഫർ (തിരമാലയ്ക്ക് മുകളിലൂടെ അഭ്യാസം നടത്തുന്ന വ്യക്തി) കൊല്ലപ്പെട്ടു. സിഡ്‍നിയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ഞായറാഴ്‍ച രാവിലെ ബ്രിസ്‍ബനിൽ നിന്ന് 100 കിലോമീറ്റർ അകലെ സാൾട്ട് ബീച്ചിലെ കിംഗ്സ്ക്ലിഫിൽ സർഫിംഗ് നടത്തുന്നതിനിടെയാണ് മൂന്ന് മീറ്റർ നീളമുള്ള സ്രാവ് ഇയാളുടെ കാലിൽ കടിച്ചത്. ഇയാളെ രക്ഷിക്കാൻ മറ്റു സർഫർമാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സ്രാവ് കാലിൽ നിന്ന് വിട്ടതിന് ശേഷം പോലീസും മറ്റു സർഫർമാരും ചേർന്ന് ഇദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകിയിരുന്നു. എന്നാൽ, സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്‍ടമായതായി പൊലീസ് പറഞ്ഞു.
മരണപ്പെട്ട സർഫർക്ക് 60 വയസ് പ്രായം വരും. കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ സ്രാവിന്റെ ആക്രമണം നടക്കുന്ന രാജ്യമാണ് ആസ്ട്രേലിയ. സിഡ്‍നിയിലെ ടറോംഗ മൃഗശാലയുടെ കണക്കനുസരിച്ച് 2019ൽ 27 പേർക്കാണ് സ്രാവിന്റെ കടിയേറ്റത്. ആരും മരിച്ചിട്ടില്ല. അതേസമയം, ഈ വർഷം ഇതുവരെ മൂന്ന് പേർ മരിച്ചു. ഇവർ മൂവരും സർഫർമാരാണ്.