കണ്ണൂരിൽ 2 പേർക്ക് കൊവിഡ് ബാധ; അഞ്ച് പേർക്ക് രോഗമുക്തി

Monday 08 June 2020 12:08 AM IST

കണ്ണൂർ: ജില്ലയിൽ രണ്ടു പേർക്ക് ഇന്നലെകോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ വിമാനത്താവളം വഴി മേയ് 29ന് താജ്കിസ്ഥാനിൽ നിന്ന് എഐ 1984 വിമാനത്തിലെത്തിയ ആന്തൂർ സ്വദേശി 20 കാരൻ, കണ്ണൂർ വിമാനത്താവളം വഴി ജൂൺ ഒന്നിന് എഐ 1946 വിമാനത്തിലെത്തിയ ഉളിക്കൽ സ്വദേശി 33 കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 258 ആയി. ഇതിൽ 146 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ അഞ്ച് പേർ ഇന്നലെയാണ് ഡിസ്ചാർജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന കരിവെള്ളൂർ സ്വദേശി 30കാരൻ, തലശ്ശേരി സ്വദേശി 28കാരൻ, കോട്ടയം മലബാർ സ്വദേശി 45കാരൻ, തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധർമ്മടത്തെ പത്ത് വയസ്സുകാരി, മുഴപ്പിലങ്ങാട് സ്വദേശി 41കാരൻ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

നിലവിൽ ജില്ലയിൽ 9244 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ നിന്ന് ഇതുവരെ 8919 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8214 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 7725 എണ്ണം നെഗറ്റീവാണ്. 705 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.