കഴുകിക്കോ,​ കഴുകിക്കോ... കൈകഴുകാൻ ഒരു കെനിയൻ മാതൃക

Monday 08 June 2020 2:43 AM IST

നയ്റോബി: കൊവിഡ് വ്യാപനം തടയാൻ ഓരോരുത്തരും തങ്ങളാലാവുംവിധം ചെയ്യണമെന്നതാണ് ഇനിയുള്ള കാലത്തിന്റെ രീതി. ആ യത്നത്തിന്റെ ഭാഗമായി സെമി ആട്ടോമാറ്റിക് കൈകഴുകൽ യന്ത്രം നിർമ്മിച്ചാണ് കെനിയയിൽനിന്നുള്ള സ്റ്റീഫൻ വാമുട്ട എന്ന ഒമ്പതുവയസുകാരൻ താരമായിരിക്കുന്നത്. പശ്ചിമ കെനിയയിലെ ബംഗോമ സ്വദേശിയായ സ്റ്റീഫന്റെ ഈ മാതൃകകയ്ക്ക് കെനിയൻ പ്രസിഡന്റിന്റെ പുരസ്കാരവും ലഭിച്ചു. ചെറിയ ടാങ്കും ആണികളും മരത്തടിയും ഉപയോഗിച്ചാണ് യന്ത്രത്തിന്റെ നിർമ്മാണം. പ്രാദേശിക ചാനലുകളിൽ കൊവിഡ് വ്യാപനം തടയാനുള്ള മാർഗങ്ങളേക്കുറിച്ച് അറിയിപ്പുകൾ വന്നതോടെയാണ് മകൻ ഇത്തരമൊരു ആശയവുമായി എത്തിയതെന്ന് സ്റ്റീഫന്റെ പിതാവ് ജെയിംസ് പറയുന്നു. രാജ്യത്തെ കൊവിഡ് യാപനത്തേക്കുറിച്ച് അറിയിപ്പ് നൽകിയപ്പോൾ കെനിയൻ പ്രസിഡന്റ് ഉഹ്റും കെനിയാട്ട ഇടയ്ക്കിടെ കൈകഴുകുന്നതിനേക്കുറിച്ച് പറഞ്ഞിരുന്നു. ഇതോടെയാണ് കൈകഴുകൽ എളുപ്പമാക്കാനുള്ള വഴിയുമായി സ്റ്റീഫൻ എത്തിയത്. പാഴായി കിടന്ന മരത്തടികളുപയോഗിച്ച് മകൻ ഉണ്ടാക്കിയ മോഡലിന് ചെറിയ ഒരു സ്ഥിരതക്കുറവ് ഉണ്ടായിരുന്നു. അത് മാറ്റാനുള്ള സഹായം താൻ നൽകി. മകന്റെ ചിന്ത അത്ഭുതപ്പെടുത്തിയെന്നും ജെയിംസ് പറഞ്ഞു. സ്റ്റീഫൻ അടക്കം 68 പേർക്കാണ് കെനിയൻ പ്രസിഡന്റിന്റെ അവാർഡ് ലഭിച്ചത്.