മദ്യ ലഹരിയിൽ വീട്ടമ്മയുടെ കട തകർത്തു; കുട്ടികളടക്കം മൂന്നു പേർക്ക് പരിക്ക്

Monday 08 June 2020 6:19 AM IST

ആറ്റിങ്ങൽ: മദ്യപിച്ചെത്തിയ യുവാക്കൾ വീട്ടമ്മയുടെ കട എറിഞ്ഞ് തകർത്തു. അയിലം കാറ്റാടിപൊയ്ക പി.എസ്. നിവാസിൽ എസ്. സുഗന്ധിയുടെ വീടിന് സമീപമുള്ള കടയാണ് തകർത്തത്. കടയക്കുള്ളിൽ ടിവി കാണുകയായിരുന്ന നാലുവയസ്സുകാരിയടക്കം മൂന്നു പേർക്ക് പരിക്കേറ്റു. സുഗന്ധി ( 53), കുട്ടികളായ ​വൈഗ നന്ദ , ആരഭി കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്.

വൈകിട്ട് നാല് മണിയോടൊണ് സംഭവം. മദ്യപിച്ച് ബൈക്കിലെത്തിയ ഇരുവരും കടയുടെ സമീപമെത്തിയപ്പോൾ തെരുവനായ്ക്കൾ കുരച്ച് ബൈക്കിന് മുന്നിലേക്ക് ചാടി. ബൈക്ക് നിറുത്തിയ ഇരുവരും നായ്ക്കളെ പിന്തുടർന്ന് കല്ലെറിഞ്ഞു. വൈഗ നന്ദയ്ക്കാണ് ഏറുകൊണ്ടത്. ഇത് സുഗന്ധിയുടെ മരുമകൻ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. മരുമകനുമായി വാക്ക് തർക്കം കണ്ട സുഗന്ധി തടയാനെത്തി. പ്രകോപിതരായ യുവാക്കൾ കടയിലേക്ക് കല്ലെറിയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ചില്ലലമാരകളും പ്ലാസ്റ്റിക് മേശയും കസേരയും അടക്കം കല്ലേറിൽ തർന്നു. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടികൾ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സതേടി. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.