ഭീകരപ്രവ‌ർത്തനത്തിന് അറസ്റ്റിലായ യുവതിക്ക് കൊവിഡ്

Sunday 07 June 2020 11:25 PM IST

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമവിരുദ്ധ പ്രതിഷേധത്തിനിടെ ഭീകരപ്രവ‌ർത്തനം നടത്തിയെന്നാരോപിച്ച് മാർച്ചിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത യുവതിക്ക് കൊവിഡ്. കാശ്‌മീർ സ്വദേശി ഹിനാ ബഷീർ ബെയ്ഗിനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലായ ഇവരെ അടിയന്തരമായി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടു. എൻ.ഐ.എ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഇവരോടൊപ്പം അറസ്റ്റിലായ ഭർത്താവ് സമിയെയും മറ്റൊരു പ്രതി അബ്ദുൽ ബാസിതിനെയും ജുഡിഷ്യൽ കസ്റ്റഡിയിലും വിട്ടിരുന്നു.

കോടതി നിർദ്ദേശ പ്രകാരം ജൂൺ ആറിനാണ് കൊവിഡ് പരിശോധന നടത്തിയത്. മറ്റു രണ്ടുപേർക്കും പരിശോധനാഫലം നെഗറ്റീവാണ്. ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും പൗരത്വഭേദഗതിക്കതിരെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചുവെന്നുമാണ് എൻ.ഐ.എ ആരോപിക്കുന്നത്. മൂന്നുപേർക്കും ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊർസൻ പ്രൊവിൻസുമായി ബന്ധമുണ്ടെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു. മാർച്ചിലാണ് ഇവർ അറസ്റ്റിലായത്.