ബില്ലടയ്ക്കാൻ പണമില്ല, വൃദ്ധനായ രോഗിയെ കട്ടിലിൽ കെട്ടിയിട്ടു
Sunday 07 June 2020 11:36 PM IST
ദിസ്പൂർ: ആശുപത്രിയിൽ ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനാൽ 80 വയസുകാരനെ കട്ടിലിൽ കെട്ടിയിട്ട് ആശുപത്രി അധികൃതരുടെ ക്രൂരത. മദ്ധ്യപ്രദേശിലെ ഷാജാപൂരിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ റിപ്പോർട്ട് തേടി. പൊലീസ് അന്വേഷണം ആരംഭിച്ചു. 11,000 രൂപയാണ് ഇയാളുടെ ബിൽതുക. അഡ്മിറ്റാകുമ്പോൾ 5,000 രൂപ അടച്ചിരുന്നു. എന്നാൽ പിന്നീട് പണം നൽകാൻ കുടുംബത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് വൃദ്ധനെ കിടത്തി കട്ടിലിൽ കൈകാലുകൾ ബന്ധിച്ചത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതരെത്തി. രോഗിക്ക് അപസ്മാര ലക്ഷണമുള്ളതിനാൽ സ്വയം പരുക്കേൽപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടാണ് കൈകാലുകൾ ബന്ധിച്ചതെന്നാണ് ആശുപത്രിയുടെ വാദം. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.