ആഭ്യന്തര സഞ്ചാരികളെ കാത്ത് കോവളം
കോവളം: കൊവിഡ് 19 പിടിമുറുക്കിയതോടെ ആളൊഴിഞ്ഞ കോവളം വിനോദ സഞ്ചാരകേന്ദ്രത്തിന് ഇനി പ്രതീക്ഷ ആഭ്യന്തര സഞ്ചാരികൾ മാത്രം. വിദേശികളുടെ ബുക്കിംഗുകൾ കൂട്ടത്തോടെ കാൻസൽ ചെയ്തതും കൊവിഡ് രോഗവ്യാപനത്തിന്റെ തോത് അതിവേഗം വർദ്ധിക്കുന്നതും കോവളം തീരത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന വിദേശികളിൽ ഭൂരിഭാഗവും മടങ്ങിപ്പോയി. അതിനാൽ തന്നെ ആഭ്യന്തര സഞ്ചാരികളിൽ മാത്രമാണ് ഇവിടത്തെ കച്ചവടക്കാരുടെയും ഹോട്ടലുകളുടെയും പ്രതീക്ഷ. രോഗവ്യാപനത്തിൽ ശമനമുണ്ടായാൽ മാത്രമേ ആഭ്യന്തര സഞ്ചാരികളും എത്തി തുടങ്ങുകയുള്ളു. കാലവർഷമെത്തിയതും ടൂറിസത്തിന് തിരിച്ചടിയായിരിക്കുകയാണ്. എന്നാൽ ഇന്ന് മുതൽ റസ്റ്റോറന്റുകൾക്ക് സർക്കാർ ഇളവുകൾ അനുവദിച്ചെങ്കിലും കോവളം ബീച്ചിലെ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കുമെന്ന് കെ.ടി.പി.ഡി.സി രക്ഷാധികാരി കോവളം ടി.എൻ. സുരേഷ് പറഞ്ഞു. കൊവിഡ് 19 കാരണം വലിയ നഷ്ടമാണ് കടയുടമകൾ കണക്കുകൂട്ടുന്നത്. പലരും റസ്റ്റോറന്റുകളും കടമുറികളും വാടകയ്‌ക്കെടുത്താണ് നടത്തുന്നത്. വാടക ഉൾപ്പെടെ വൻ തുകയാണ് ഉടമസ്ഥർക്ക് ഒരു വർഷം നൽകേണ്ടത്. ഇതെല്ലാം വിദേശികളുടെ വരവനുസരിച്ചാണ് ഇവർ ക്രമീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം താളംതെറ്റി. കൊവിഡ് 19 ഭീതി അലയടിച്ചതോടെ കോവളം ടൂറിസം മേഖല മുഴുവനായും സ്തംഭിച്ചിരിക്കുകയാണ്. വിദേശത്തുനിന്നുള്ള ടൂറിസം ബിസിനസ് പഴയനിലയിലേക്ക് വരാൻ ഒന്നുരണ്ടുവർഷമെങ്കിലും എടുക്കുമെന്നാണ് നിഗമനം. സ്തംഭനത്തിലായ കേരളത്തിലെ ടൂറിസം മേഖലയെ രക്ഷപ്പെടുത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും അറേബ്യൻ ട്രാവൽ മാർക്കറ്റുപോലെ നടക്കേണ്ട പല അന്താരാഷ്ട്ര ടൂറിസം പരിപാടികളും മാറ്റിയിരിക്കുകയാണെന്നും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു.
വിദേശികൾ 'തടവറയിൽ"
ഭീതി കാരണം നാട്ടിലേക്ക് തിരികെ മടങ്ങാത്ത വിദേശികൾ കോവളത്ത് തടവറയിൽ പെട്ടതുപോലെയാണ്. ഹോട്ടൽ ജീവനക്കാർ പറയുന്നതിനപ്പുറം ഇവർക്ക് പോകാനാകില്ല. നഗരപ്രദേശങ്ങളിലോട്ട് ഇവരെ വിടുന്നുമില്ല. ബീച്ചുകളിൽ പോകാൻ മാത്രമാണ് അനുമതി. ലോംഗ്‌സ്റ്റേ വിദേശികളായ 90 പേർ മാത്രമാണ് ഇനി കോവളത്തുള്ളത്.
കോവളത്തുള്ളത് 90 വിദേശികൾ മാത്രം
ടൂറിസം രംഗത്ത് നിരവധി പേർക്ക് ജോലി നഷ്ടമായി
സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യം
പഴയ നിലയിലെത്താൻ വർഷങ്ങളെടുത്തേക്കാം
കമന്റ്
ഈ സെപ്തംബറിൽ നടക്കേണ്ട ട്രാവൽ മാർട്ടിന് 250 അന്താരാഷ്ട്ര ടൂറിസം കമ്പനികളടക്കം 1200 പേർ രജിസ്റ്റർ ചെയ്തിരുന്നു. സാഹചര്യത്തിൽ മാറ്റം വന്നില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വായ്പാതിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിക്കണം.
ബേബി മാത്യു സോമതീരം,
പ്രസിഡന്റ്, കേരള ട്രാവൽമാർട്ട് സൊസൈറ്റി